തമിഴ്നാട്ടിലെ വിദൂര ഗ്രാമങ്ങളില്‍ അടിയന്തര വൈദ്യസഹായമെത്തിക്കാന്‍ ഡ്രോണ്‍ നിര്‍മിച്ച് എയറോനോട്ടിക്കല്‍ എന്‍ജിനീയറായ യുവാവ്. ജെര്‍മനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ദിനേശ് എന്ന തഞ്ചാവൂര്‍ സ്വദേശിയാണ് അത്യാധുനിക ഡ്രോണ്‍ നിര്‍മ്മിച്ചത്. ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ഡ്രോണില്‍, മരുന്നുകള്‍ സൂക്ഷിക്കാനായി ശീതീകരിച്ച ചേമ്പറുമുണ്ട്.
തമിഴ്നാടിന്‍റെ വിദൂര ഗ്രാമങ്ങളില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പതിവാണ്. കടിയേറ്റവരെ ഗ്രാമങ്ങളിലെ ആശുപത്രിയില്‍ എത്തിച്ചാലും, ആന്‍റിവെനം അടക്കമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാകാത്തതാണ് കാരണം. രോഗികളെ നഗരങ്ങളിലുള്ള ആശുപത്രിയില്‍ എത്തിക്കാനോ, മരുന്ന് ലഭ്യമാക്കാനോ ഏറെ വൈകും. ഇതിന് പ്രതിവിധിയായാണ് തഞ്ചാവൂര്‍ സ്വദേശി ദിനേശ് ഡ്രോണ്‍ നിര്‍മിച്ചത്.
കാണാന്‍ വിമാനത്തിന്‍റെ രൂപമാണെങ്കിലും, സാധാരണ ഡ്രോണുകള്‍ പോലെ വെര്‍ട്ടിക്കല്‍ ലാന്‍ഡിങും, ടേയ്ക്കോഫും സാധ്യമാകും. ഏഴ് കിലോ വരെ ഭാരവുമായി പറക്കും. മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. ഒറ്റ ചാര്‍ജില്‍ 180 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. മരുന്ന് സൂക്ഷിക്കാനായി ശീതീകരണ സംവിധാനമുള്ള സുരക്ഷിത ചേമ്പറുണ്ട്. ഇതിലൂടെ നഗരത്തിലെ ആശുപത്രികളില്‍ നിന്ന് അവശ്യ മരുന്നുകള്‍ അതിവേഗത്തില്‍ ഗ്രമങ്ങളില്‍ എത്തിക്കാം. മൊബൈല്‍ സിഗ്നലും, സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷനും ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അതിനാല്‍ തന്നെ ലോകത്ത് എവിടെ നിന്നും ഡ്രോണിനെ നിയന്ത്രിക്കാനാകും.
ജെര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറായുള്ള ജോലി ഉപേക്ഷിച്ചാണ് തഞ്ചാവൂര്‍ സ്വദേശിയായ ദിനേശ് നാട്ടിലെത്തിയത്. യാലി എയറോസ്പേയ്സ് എന്ന പേരിലാണ് ചെറു കമ്പനി സ്ഥാപിച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സംസ്ഥാന വ്യാപകമായി സര്‍വീസ് അരംഭിക്കും. മരുന്ന് എത്തിക്കാനായി പ്രത്യേക ആപ്പും തയ്യാറാക്കിയിട്ടുണ്ട്.