ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ കാഞ്ചന്‍ജംഗ ട്രെയിന്‍ ദുരന്തത്തില്‍ ദുരൂഹതയേറുന്നു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് സിഗ്നല്‍ അവഗണിച്ചതാണ് അപകടകാരണമെന്ന റെയില്‍വേയുടെ വാദം പൊളിക്കുന്ന രേഖ പുറത്തുവന്നു. റാണിപത്ര സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഗുഡ്സ് ട്രെയിന്‍ ലോക്കോപൈലറ്റിന് നല്‍കിയ അനുമതി പത്രമാണ് പുറത്തായത്. ഓട്ടമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലാണെന്നും റാണിപത്രയ്ക്കും ഛത്തര്‍ഹാട്ട് സ്റ്റേഷനും ഇടയിലുള്ള സിഗ്നലുകള്‍ മറികടന്ന് മുന്നോട്ടുപോകാമെന്നുമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ നല്‍കിയ ടിഎ 912 അനുമതിപത്രത്തില്‍ ഉള്ളത്. ഇതോടെ പിഴവ് ഗുഡ്സ് ട്രെയിന്‍ ലോക്കോപൈലറ്റിന്റേതല്ലെന്ന് വ്യക്തമായി. രാവിലെ അപകടം നടന്നതിന് തൊട്ടുപിന്നാലെ റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്സണ്‍ ജയ വര്‍മ, ഗുഡ്സ് ട്രെയിന്‍ ലോക്കോപൈലറ്റ് റെഡ് സിഗ്നല്‍ ലംഘിച്ചതാണ് അപകടകാരണമെന്ന് പറഞ്ഞിരുന്നു. ടിഎ 912 പുറത്തുവന്നതോടെ ഇതിനെതിരെ ഇന്ത്യന്‍ റെയില്‍വേ ലോക്കോ റണ്ണിങ് മെന്‍ ഓര്‍ഗനൈസേഷന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.
ടിഎ 912 രേഖ
ഒരു സെക്ഷനിലെ റെയില്‍വേ ലൈനില്‍ തടസങ്ങളോ മറ്റ് ട്രെയിനുകളോ ഇല്ലെന്ന് ലോക്കോപൈലറ്റുമാരെ അറിയിക്കുകയും ഈ ലൈനിലുള്ള സിഗ്നലുകള്‍ ക്രോസ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന രേഖയാണ് ടിഎ 912. ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം തകരാറിലാകുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ രേഖ നല്‍കാറ്. ടിഎ 912 കൈവശമുണ്ടെങ്കില്‍ സിഗ്നലുകള്‍ ചുവപ്പായാലും മഞ്ഞയായാലും കടുംമഞ്ഞയായാലും മറികടക്കുന്നതിന് തടസമില്ല. റാണിപത്ര സ്റ്റേഷന്‍ മാസ്റ്റര്‍ ചരക്ക് ട്രെയിനിന്റെ ലോക്കോപൈലറ്റിന് നല്‍കിയ ടിഎ 912 അനുമതി പത്രത്തില്‍ റാണിപത്രയ്ക്കും ഛത്തര്‍ഹാട്ടിനുമിടയില്‍ 9 സിഗ്നലുകള്‍ ഉണ്ടെന്നും ഇവ മറികടക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
റാണിപത്രയ്ക്കും ഛത്തര്‍ഹാട്ടിനുമിടയിലുള്ള ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം പുലര്‍ച്ച് 5.50 മുതല്‍ തകരാറിലായിരുന്നുവെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സിയാല്‍ഡ–കാഞ്ചന്‍ജംഗ എക്സ്പ്രസ് രാവിലെ 8.27നാണ് റാണിപത്രയില്‍ നിന്ന് പുറപ്പെട്ടത്. ഈ ട്രെയിന്‍ ഇടയ്ക്ക് റാണിപത്ര, ഛത്തര്‍ഹാട്ട് സ്റ്റേഷനുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല. രാവിലെ 8.42ന് ഗുഡ്സ് ട്രെയിന്‍ ടിഎ 912 വാങ്ങി റാണിപത്രയില്‍ നിന്ന് പുറപ്പെട്ടു. 8.55നാണ് കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ പിന്നിലിടിച്ച് വന്‍ ദുരന്തമുണ്ടായത്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.
റാണിപത്ര സ്റ്റേഷന്‍ മാസ്റ്റര്‍ എന്തിന് ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റിന് ടിഎ 912 നല്‍കിയതെന്ന് വ്യക്തമല്ല. കാഞ്ചന്‍ജംഗ എക്സ്പ്രസ് ഈ സെക്ഷന്‍ കടന്നിരിക്കാമെന്ന വിലയിരുത്തലിലാകാം അനുമതി പത്രം നല്‍കിയതെന്നാണ് നിഗമനം. കാര്യങ്ങള്‍ ഉറപ്പുവരുത്താതെ എന്തിന് ടിഎ 912 നല്‍കി എന്നതിലും കാഞ്ചന്‍ജംഗ എക്സ്പ്രസ് എന്തിന് അപകടത്തിന് മുന്‍പ് നിര്‍ത്തിയിട്ടു എന്നതിനും വ്യക്തത വന്നാല്‍ മാത്രമേ അട്ടിമറി ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താനാകൂ.