PTI04_14_2024_000114A
  • ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ ഗാന്ധി മുക്ത എന്‍ഡിഎ ആയ കഥ
  • മനേക ഗാന്ധിയും വരുണ്‍ഗാന്ധിയും ഇല്ലാതെ പാര്‍ലമെന്‍റ്
  • ഇടമുറപ്പിച്ച് സോണിയയും രാഹുലും

കോണ്‍ഗ്രസിലെ മാത്രമല്ല, ‘ഇന്ത്യ’ സഖ്യത്തിലെ ചെറുപാര്‍ട്ടികളിലെ കുടുംബവാഴ്ചയെ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും എതിര്‍ത്തിരുന്നു. 'ബൈ ദ് ഫാമിലി, ഫോര്‍ ദ് ഫാമിലി' എന്നു പറഞ്ഞ് ഗാന്ധി കുടുംബത്തെ കണക്കറ്റ് പരിഹസിച്ചിരുന്ന മോദി ഈ തിരഞ്ഞെടുപ്പിലെങ്കിലും  പാതി വിജയിച്ചു.  ഒരുകാലത്ത് രാജ്യം ഭരിച്ച നെഹ്റു–ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും ഇക്കുറി ഭരണപക്ഷ ബെഞ്ചിലെത്തിയില്ല. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന ലക്ഷ്യം നടന്നില്ല. പക്ഷേ ഗാന്ധി മുക്ത് ബിജെപി എളുപ്പമായിരുന്നു – അത് നടപ്പാക്കി. ആദ്യം സ്വന്തം വീട് വൃത്തിയാക്കലല്ലേ സ്വച്ഛ് ഭാരത്.

PTI06_07_2024_000350B

കോണ്‍ഗ്രസും ഒപ്പം അതിലെ ഗാന്ധിമാരും 2024 തിരഞ്ഞെടുപ്പോടെ തീര്‍ത്തും അപ്രസക്തമാകുമെന്നായിരുന്നോ ബിജെപി കണക്കുകൂട്ടല്‍? ഗാന്ധി ബ്രാന്‍ഡ് നെയിം പണ്ടേപ്പോലെ വില്‍ക്കപ്പെടുന്നില്ലെങ്കില്‍ പിന്നെന്തിന് ബിജെപിക്ക് ആ ലേബല്‍ എന്ന് മോദി ചിന്തിച്ചിരിക്കാം. വരുണ്‍ ഗാന്ധിയെ ഒഴിവാക്കാന്‍ മറ്റു പല കാരണങ്ങളുമുണ്ടെന്നത് സത്യം. പക്ഷേ േമനക? യോഗിയെ മാറ്റി വരുണിനെ മുഖ്യമന്ത്രിയാക്കുന്നതാണ് ഉത്തര്‍പ്രദേശിന്റെ വികസനത്തിന് നല്ലതെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങളോ? എന്തായാലും അമിത് ഷായ്ക്കും യോഗിക്കും വരുണിനോട് അത്ര താല്‍പര്യമില്ലായിരുന്നു. രണ്ടാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ മോദിയും മേനകയെ അവഗണിച്ചു.

India Elections

2009 മുതല്‍ 2024 വരെ പതിനഞ്ചുവര്‍ഷം – അതില്‍ പത്തുവര്‍ഷവും നാല് ഗാന്ധി കുടുംബക്കാരെ ലോക്സഭയില്‍ കാണേണ്ട ഗതികേടിലായിരുന്നു മോദി. മേനക ഗാന്ധിയും വരുണ്‍ ഗാന്ധിയും ഭരണപക്ഷത്ത്. സോണിയയും രാഹുലും പ്രതിപക്ഷത്ത്.   ഈവര്‍ഷം വിധി നിര്‍ണയിച്ചപ്പോള്‍ അതില്‍ ഭരണപക്ഷത്തെ രണ്ടുപേരും പുറത്ത്. കര്‍മം കൊണ്ട ്പ്രതിപക്ഷത്തായിരുന്ന വരുണിനെ ബിജെപി സീറ്റ് പോലും നല്‍കാതെ പുറത്തിരുത്തി. അമ്മ മേനകയെ സുല്‍ത്താന്‍പൂരിലെ ജനങ്ങളും പുറത്തിരുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷം കര്‍ഷക സമരം മുതല്‍ ലഖിംപൂര്‍ ഖേരി കൂട്ടക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ അസ്വസ്ഥപ്പെടുത്തിയ വരുണ്‍ ഗാന്ധി പാര്‍ട്ടിയുടെ അവഗണന പ്രതീക്ഷിച്ചിരുന്നു. 1984ല്‍ അമേത്തിയില്‍ ഭര്‍തൃസഹോദരന്‍ രാജീവ് ഗാന്ധിയോടും 1991ല്‍ ജനതാദളിനോടും തോറ്റ മേനക മൂന്നാം തോല്‍വി അത്ര പ്രതീക്ഷിച്ചിരുന്നുമില്ല. സുല്‍ത്താന്‍പൂരിനെ അമ്മയെപ്പോലെ നോക്കിയെന്നാണ് മേനക പറഞ്ഞിരുന്നത്. ഇവിടെ 'നേതാഗിരി' അല്ല 'മാതാഗിരി' ആണെന്നു പറഞ്ഞു നടന്ന മേനകയുടെ മനസില്‍ അല്‍പം ‘പുത്രഗിരി’യും ഉണ്ടായിരുന്നു. വരുണിന്റെ ഉയര്‍ച്ചയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ബിജെപി നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ല. മാതാവും പുത്രനും വരിവരിയായി അധികാരത്തിനു പുറത്തായി.

PTI06_04_2024_000451B

സോണിയ രാജ്യസഭയിലും രാഹുല്‍ ലോക്സഭയിലും എത്തിക്കഴിഞ്ഞു. പ്രിയങ്ക അതിനുള്ള ഒരുക്കത്തിലുമാണ്.  പ്രതിപക്ഷത്ത് ഗാന്ധികുടുംബം നേട്ടത്തിലെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, നെഹ്റുവില്‍ തുടങ്ങി ഇന്ദിരയും രാജീവുമായി 32 വര്‍ഷം പ്രധാനമന്ത്രിപദം കയ്യാളിയിരുന്ന കുടുംബം പ്രതീക്ഷകളുടെ തീരത്ത് തിരിച്ചെത്തിയെന്നു മാത്രമേ പറയാറായിട്ടുള്ളൂ. സ്വാതന്ത്ര്യാനന്തര കാലത്തിന്റെ 70 ശതമാനവും ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസോ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയോ ആണ്. ഇതില്‍ കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരിന്റെ കെട്ടുറപ്പ് 2004 മുതല്‍ 2014 വരെ ഉറപ്പാക്കിയതിലും ഗാന്ധി കുടുംബത്തിന് പങ്കുണ്ട്. സോണിയയായിരുന്നു യുപിഎ അധ്യക്ഷ. ജവഹര്‍ലാല്‍ നെഹ്റുവിനുശേഷം ഗാന്ധി എന്ന പേര് ഭരണപക്ഷത്തില്ലാത്ത മന്ത്രിസഭ വന്നതുതന്നെ 13 വര്‍ഷത്തിനുശേഷം 1977ല്‍ ഇന്ദിരാഗാന്ധിയുടെ തോല്‍വിയോടെ. പക്ഷേ, മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തിയ ഇന്ദിര നാലുവര്‍ഷം കൂടി ഭരിച്ചു. രക്തസാക്ഷിയാവും വരെ. 1981ല്‍ അമേത്തിയില്‍ നിന്ന് എംപിയായ രാജീവ് ഗാന്ധി  1984 മുതല്‍  89 വരെ പ്രധാനമന്ത്രിപദം വഹിച്ചു. വി.പി.സിങ് സര്‍ക്കാര്‍ ഭരണമേല്‍ക്കുംവരെ.

PTI3_5_2011_000171A

ഇതോടെയാണ് അടുത്ത ഗാന്ധി കുടുംബാഗം കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. ഇന്ദിരാഗാന്ധിയോട് പിണങ്ങി വീടുവിട്ട്, ഭർത്താവിന്റെ ഓർമയ്ക്കായി 1982ൽ സഞ്ജയ് വിചാർ മഞ്ച് രൂപീകരിച്ച്   ആദ്യം ജനതാദളിലും പിന്നീട് ബിജെപിയിലും ചേർന്ന മേനക എട്ടുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. വി.പി.സിങ്,  എ.ബി.വാജ്പേയി സര്‍ക്കാരുകളില്‍ ഏഴു വര്‍ഷം കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചു. 2014 മുതല്‍ 2019 വരെ മോദി മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായി.

PTI11_30_2012_000136B

ഇതെല്ലാം ചേര്‍ത്ത് സ്വതന്ത്രഭാരതത്തില്‍ നെഹ്റു–ഗാന്ധി കുടുംബം ഭരിക്കുകയോ ഭരണത്തില്‍ പങ്കാളികളാവുകയോ െചയ്തത് 65 വര്‍ഷം. പി.വി.നരസിംഹറാവുവിന്റെ അഞ്ചുവര്‍ഷഭരണം കൂട്ടാതെയാണിത്. ആകെ മാറിനിന്നെന്ന് പറയാവുന്നത് മൊറാര്‍ജി േദശായി, ചൗധരി ചരണ്‍സിങ്, എച്ച്.ഡി.ദേവെഗൗഡ, ഐ.കെ.ഗു‍ജ്റാള്‍ തുടങ്ങിയവരുടെ ഭരണകാലത്തും.

2019 തിരഞ്ഞെടുപ്പിലെ ചൗക്കീദാര്‍ പോലെ ഇത്തവണ മോദി ഏറ്റുപിടിച്ചതായിരുന്നു ‘മോദി കാ പരിവാര്‍’ ടാഗ്. തിരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ ടാഗ് മാറ്റാന്‍ അനുയായികളോട് മോദി നിര്‍ദേശിച്ചു. മോദിയുടെ കുടുംബം ഇല്ലെങ്കിലും പാര്‍ട്ടിയിലെയും ഘടകകക്ഷികളിലെയും പല പരിവാരങ്ങളും എന്‍ഡിഎ ടിക്കറ്റില്‍ ജയിച്ചു. ഗാന്ധി കുടുംബമൊഴികെ. പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പട്ട വരുണ്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മല്‍സരിക്കാതെ അമ്മയ്ക്കായി സുല്‍ത്താന്‍പൂരില്‍ വരുണ്‍ പ്രചാരണം നടത്തി. രാമക്ഷേത്രമോ മോദിയുടെയോ യോഗിയുടെയോ ഭരണനേട്ടങ്ങളോ വിഷയമാക്കിയില്ല. തന്റെ അമ്മ സുല്‍ത്താന്‍പൂരിനായി സമര്‍പ്പിച്ച ജീവിതത്തെക്കുറിച്ചു മാത്രം പറഞ്ഞു. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഒത്തൊരുമ മേനകയ്ക്ക് തിരിച്ചടിയായി.

PTI11_17_2017_000118B

ബിജെപിയില്‍ ഒരു ഗാന്ധി ബ്രാന്‍ഡ് വന്നാലുള്ള പ്രയോജനം തിരിച്ചറിഞ്ഞത് എ.ബി.വാജ്പേയി ആയിരുന്നു. ആദ്യം വരുണിനെയും പിന്നീട് മേനകയെയും ബിജെപിയില്‍ എത്തിച്ചത് പ്രമോദ് മഹാജനും. വരുണിന്റെ സമ്മര്‍ദം മേനകയെ ബിജെപിയില്‍ എത്തിച്ചു. ഇനിയും മകന്റെ ഭാവിയാവും മേനകയെ മോഹിപ്പിക്കുന്ന ഘടകം. ഇപ്പോള്‍ അമ്മയും മകനും മൗനത്തിലാണ്.  വാര്‍ത്തകളില്‍ ഇല്ല. 'എക്സി'ലും മൗനം.
 
വരുണ്‍ ഗാന്ധി ഒരിക്കല്‍ ഇങ്ങനെ എഴുതി – 'രാത്രി' എന്ന കവിതയില്‍.

ഒരു പകലും തീരുന്നു...
ഒളിച്ചിരിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാവുന്നു...
തോല്‍പിക്കാനായി ഞാന്‍ എന്റെ മറ്റൊരു വശം തേടുന്നു...
നാടുകടത്തലിനായി ഞാന്‍ തന്നെ പാത ഒരുക്കുന്നു...


ബിജെപിക്ക് ഗാന്ധി ബ്രാന്‍ഡ് ഇപ്പോള്‍ ആവശ്യമില്ലാതായിട്ടുണ്ടാവും. മേനകയ്ക്കും മകനും തിരിച്ചടികള്‍ക്ക് ബിജെപി വഴിയൊരുക്കിയിട്ടുണ്ടാവാം. ഗാന്ധി കുടുംബം പ്രതിപക്ഷത്ത് അംഗബലം കൂട്ടുമ്പോള്‍ ഇനി അങ്ങനെയൊരു ബലം ബിജെപിക്കും വേണോ. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. അതാണ് രാഷ്ട്രീയം.

ENGLISH SUMMARY:

Prime Minister Narendra Modi and the BJP have historically opposed dynastic politics, targeting the Gandhi family while simultaneously leveraging Maneka and Varun Gandhi for political gain. However, the 2024 election results marked a significant shift. Congress leaders Sonia, Rahul, and Priyanka Gandhi either secured seats in Parliament or are on the verge of victory, while BJP's Gandhis, Maneka and Varun, lost their positions. This raises questions about whether sidelining the Gandhis within the NDA was a strategic move by BJP leadership.