parcel-snake

ആമസോണിൽ ഓർഡർ ചെയ്ത് ലഭിച്ച പായ്ക്കറ്റിൽനിന്നു പുറത്തുവരുന്ന മൂർഖൻ പാമ്പ്. ദമ്പതികൾ പങ്കുവച്ച വിഡിയോയിൽനിന്ന്(Photo: Videograb/X)

TOPICS COVERED

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചിലര്‍ക്ക് ‘പണി’ കിട്ടാറുണ്ട്. ഒറ്റപ്പെട്ടതാണെങ്കിലും വന്‍വിമര്‍ശനങ്ങളാണ് ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ഉയരാറ്.  ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവമാണ്. ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് ലഭിച്ചത് മൂർഖൻ പാമ്പിനെയായിരുന്നു. 

ദമ്പതികൾക്ക് ഡെലിവറി പാർട്‌നർ നേരിട്ടാണ് ബോക്സ് കൈമാറിയത്. ഇത് തുറന്നതും പാമ്പ് പുറത്തേക്കു വന്നു. പാമ്പ് പുറത്തേക്ക് വരുന്ന ദൃശ്യം ദമ്പതികൾ ക്യാമറയിൽ പകർത്തിയിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുള്ളതായും ഇവർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ ഖേദം പ്രകടിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനായി ഓർഡർ സംബന്ധിച്ച വിശദാംശങ്ങൾ നൽകാനും ആമസോൺ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആമസോൺ പണം തിരികെ നൽകിയെങ്കിലും ഗുരുതരമായ സുരക്ഷാവീഴ്ചയാണിതെന്ന് ദമ്പതികൾ ചൂണ്ടിക്കാട്ടി. വെയർഹൗസിന്റെ മേൽനോട്ടം ശരിയായി നടത്താത്തതും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് ഇത്തരം സംഭവത്തിന് കാരണമെന്ന് ദമ്പതികൾ പറയുന്നത്.ഇവർ പങ്കുവച്ച വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാമ്പ് ആരെയും ഉപദ്രവിച്ചില്ലെന്നും അതിനെ സുരക്ഷിത സ്ഥലത്തേക്ക് വിട്ടയച്ചതായുമാണ് റിപ്പോർട്ട്.

ENGLISH SUMMARY:

Snake in Amazon package: Bengaluru techie couple orders Xbox but get live cobra delivered. Company responds