snake-in-secretariat-again

സെക്രട്ടേറിയറ്റ് ജലവിഭവവകുപ്പില്‍ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. പൊതുഭരണവകുപ്പിന്റെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ രാവിലെ പാമ്പിനെ കണ്ടതിന് പിന്നാലെയാണ് ജലവിഭവവകുപ്പില്‍ വീണ്ടും പാമ്പിനെ കണ്ടത്. ഒരാഴ്ച്ചക്കിടെ ഇത് മൂന്നാം തവണയാണ് സെക്രട്ടറിയേറ്റില്‍ പാമ്പിനെ കണ്ടെത്തുന്നത്. സംഭവത്തിനു പിന്നാലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി.എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പിനെ ആദ്യം കണ്ടത്. രാവിലെ പത്തേകാലോടെയാണ് പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ ജീവനക്കാർ ഹൗസ് കീപ്പിങ്ങ് വിഭാഗത്തെ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് മൂന്നേകാലോടെയാണ് രണ്ടാമത്തെ പാമ്പിനെ കണ്ടത്. ഹൗസ് കീപ്പിങ്ങ് വിഭാഗമെത്തി അര മണിക്കൂർ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറിയത്. ഇതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

‌ഉദ്യോഗസ്ഥർക്ക് ഭയരഹിതരായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കേണ്ടത് സർക്കാരാണെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ആവശ്യപ്പെട്ടു. രണ്ടു നാൾ മുൻപ് ജലവിഭവ വകുപ്പിൻ്റെ ഓഫിസിലും പാമ്പിനെ കണ്ടിരുന്നു. എന്നാൽ പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ENGLISH SUMMARY:

A snake was captured again in the Secretariat’s Water Resources Department, marking the third incident in a week. Employees protested following repeated sightings.