ഡല്‍ഹിയിലെ താമസത്തിന്‍റെ കാര്യത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടിയും ബിജെപി എം.പിയുമായ കങ്കണ റണൗട്ട്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മഹാരാഷ്ട്ര സദനിലെത്തിയ കങ്കണ, സി.എം സ്വീറ്റ് റൂം ആവശ്യപ്പെട്ടതാണ് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചത്. രാഷ്ട്രപതിയുടെ വസതിയാണെങ്കില്‍ കുറച്ചുകൂടി നന്നാവുമെന്ന് ശിവസേന ഉദ്ധവ് പക്ഷം പരിഹസിച്ചു.
സത്യപ്രതിജ്‍ഞ കഴിഞ്ഞയുടന്‍ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദനിലെത്തിയ കങ്കണ, ഇവിടെ മുറികളെല്ലാം വിശദമായി കണ്ടു. മുറികളെല്ലാം കൊള്ളാം. എന്നാല്‍ ഇഷ്ടപ്പെട്ടത് മുഖ്യമന്ത്രി വരുമ്പോള്‍ താമസിക്കുന്ന സി.എമ്മിന്‍റെ സ്വീറ്റ് റൂം.
പുതിയ എം.പിക്ക് താത്കാലികമായി താമസിക്കാന്‍ പക്ഷേ സി.എമ്മിന്‍റെ സ്വീറ്റ് റൂമൊന്നും കൊടുക്കാന്‍ വകുപ്പില്ല. അപ്പോഴേക്കും കങ്കണയുടെ ഡിമാന്‍റ് വൈറലായി. പറ്റുമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിയോ അല്ലെങ്കില്‍ രാഷ്ട്രപതിഭവനോ തന്നെ നോക്കാന്‍ ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് പക്ഷം പരിഹാസമുനകള്‍ എയ്തു. ഹിമാചല്‍ പ്രദേശില്‍നിന്നും എം.പിയായ കങ്കണയ്ക്ക് എന്തിനാണ് മഹാരാഷ്ട്ര സദന്‍ എന്നാണ് ചോദ്യം
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആരെയൊക്കെ ഇവിടെ താമസിപ്പിച്ചെന്ന് പറയിപ്പിക്കരുതെന്ന് ബിജെപി കേന്ദ്രങ്ങള്‍ തിരിച്ചടിച്ചു. ഏതായാലും സി.എം സ്വീറ്റ് തരില്ല എന്ന് മുഖത്തുനോക്കി പറയാതെ ഹിമാചല്‍ ഭവനിലേക്ക് കങ്കണയെ വഴിതിരിച്ചുവിടാനാണ് മഹാരാഷ്ട്ര സദന്‍ വൃത്തങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.