anand-ambani-india

ആഘോഷത്തിന് ഇത് അവസാനവാക്കാവുമോ എന്നത് മാത്രമേ ഇനി അറിയാനുള്ളൂ. എന്തായാലും  വിവാഹ നിശ്ചയത്തെ കവച്ചുവയ്ക്കും ആനന്ദ് അംബാനിയുടെ വിവാഹം. ക്ഷണക്കത്തിനെ കത്തെന്നൊന്നും പറയാനില്ല . ഒരു ചുവന്ന പെട്ടിനിറയെ സ്നേഹമാണ് പ്രത്യേകക്ഷണിതാക്കള്‍ക്ക് അംബാനികുടുംബം എത്തിക്കുന്നത്. ജൂലൈ 12-ന് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. ശുഭ് വിവാഹ്, ശുഭ് ആശിര്‍വാദ്, മംഗള്‍ ഉത്സവ്  ...വിവാഹാഘോഷം നടക്കുന്ന മൂന്നുദിനങ്ങള്‍ക്കിട്ടിരിക്കുന്ന പേരുതന്നെ  അങ്ങനെയാണ്.

ആനന്ദ് അബാംനിയുടെ വിവാഹ നിശ്ചയവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, വിവാഹത്തിന്‍റെ ക്ഷണക്കത്തിന്റെ വീഡിയോ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാണ്. ഒരു ചുവപ്പ് പെട്ടിയിടച്ചാണ് വിവാഹക്കത്ത് ക്ഷണിതാക്കള്‍ക്കെത്തുക. പെട്ടിതുറന്നാല്‍ ആദ്യംകാണുക വെള്ളികൊണ്ട് നിര്‍മിച്ച ക്ഷേത്രമാതൃകയും ഈശ്വരവിഗ്രഹങ്ങളും ചിത്രങ്ങളുമാണ്. ക്ഷണക്കത്തുകള്‍ക്കായി ഉള്ളിലെ അറകള്‍ വീണ്ടും തുറക്കണം.  ഓരോദിവസത്തെ ചടങ്ങുകള്‍ക്കും  പ്രത്യേക ക്ഷണക്കത്തുകളുണ്ട്‌. ഒരോന്നിലും ഇഷ്ടദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. 

ഇതെല്ലാം കടന്നു ചെന്നാല്‍ ഒരു  വെള്ളിപ്പെട്ടി നിറയെ മധുരപലഹാരങ്ങള്‍. എ.ആര്‍ എന്ന് രേഖപ്പെടുത്തിയ  ഷാളും സമ്മാനങ്ങളും മറ്റൊരുവെള്ളിപ്പെട്ടിയില്‍. മുകേഷ് അംബാനിയുടെ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ ഒരു കുറിപ്പും ഒപ്പമുണ്ട്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളോട് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാനും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവാഹത്തിന് 'ചിക് ഇന്ത്യന്‍' തീം അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദേശം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവാഹത്തിന്‍റെ ചടങ്ങുകളെ കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ആനന്ദ് അംബാനിയുടെ അമ്മ നിത അംബാനി വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി  നേരത്തെ അനുഗ്രഹം തേടിയിരുന്നു. കാശി വിശ്വനാഥനാണ് ആദ്യ ക്ഷണക്കത്ത് നല്‍കിയത്. ഒരുപതിറ്റാണ്ടിന്  ശേഷമാണ് ഇവിടെ വരുന്നതെന്ന് പറഞ്ഞ അവര്‍ ഗംഗാ ആരതിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. ക്ഷണകത്ത് പുറത്തുവന്നതിന്  പിന്നാലെ അനുകൂലിച്ചും വിമര്‍ശിച്ചും  ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാധാരണവിവാഹത്തിന്റെ ബജറ്റിലുമധികം ഒരുക്ഷണക്കത്തിനായി ചെലവിട്ടെന്നാണ് ഒരു വിമര്‍ശനം. 

വിവാഹത്തിന് മുന്നോടിയായി  ഇറ്റലിയില്‍ ഒരു ആഡംബരക്കപ്പലിലും, ഗുജറാത്തിലെ ജാംനഗറിലും ആനന്ദും രാധികയും പ്രീ വെഡ്ഡിങ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഈ പാര്‍ട്ടികളില്‍ പങ്കെടുത്തു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരായ അബൂജാനിയും സന്ദീപ് ഖോശ്ലയുമാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹ വസ്ത്രങ്ങള്‍  തയ്യാറാക്കുന്നത്. ഇരുവരേയും ഒരുക്കുന്നത് ഫാഷന്‍ സ്‌റ്റൈലിസ്റ്റുകളായ ഷലീന നതാനിയും റിയ കപൂറുമാണ്. 

ENGLISH SUMMARY:

Anant Ambani's Wedding Card video out now