'എന്റെ വീട്ടില്‍ ഒരാള്‍ സുഖമില്ലാതെ കിടക്കുകയാണ്. അയാളുടെ ചികില്‍സക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഞാന്‍ മോഷ്ടിക്കുന്നത്...' തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവ് എഴുതിവെച്ച കത്താണ് ഇത്. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് മോഷ്ടാവ് എഴുതി വെച്ച കത്ത് കണ്ടെടുത്തത്.
വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പണവും ഒരു മാസത്തിനകം തിരികെ നല്‍കാമെന്നും മോഷ്ടാവ് കത്തില്‍ പറയുന്നു. 60000 രൂപയും ഏതാനും സ്വര്‍ണാഭാരണങ്ങളുമാണ് മോഷണം പോയത്. ചിത്തിരൈ സെല്‍വിന്‍(76) എന്ന വിരമിച്ച അധ്യാപകന്റെ വീട്ടിലാണ് മോഷണം നടന്നത്. ജൂണ്‍ 17ന് ചിത്തിരൈ സെല്‍വിനും ഭാര്യയും ചെന്നൈയിലെ മകന്റെ വീട്ടിലേക്ക് പോയിരുന്നു,
മകന്റെ വീട്ടിലേക്ക് താമസിക്കാന്‍ പോയ ഇവര്‍ വീട് വൃത്തിയാക്കാന്‍ ഒരു ജോലിക്കാരിയെ ഏര്‍പ്പാട് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നതായാണ് ഈ ജോലിക്കാരി കണ്ടെത്തിയത്. പൊലീസെത്തി പരിശോധന നടത്തിയപ്പോള്‍ കവറിനുള്ളിലെ മോഷ്ടാവിന്റെ കത്ത് കണ്ടെത്തി. പച്ച മഷിയില്‍ തമിഴിലാണ് എഴുതിയിരുന്നത്.