കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധിപത്യം അവസാനിപ്പിച്ച് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടിയ പശ്ചാത്തലത്തില്‍ മോദിയെ പരിഹസിച്ച് ശശി തരൂരിന്റെ പോസ്റ്റ്. ‘ഒടുവില്‍ അബ് ക ബാര്‍, 400 പാര്‍ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400സീറ്റിനു മുകളില്‍ ലഭിക്കുമെന്നായിരുന്നു പ്രചാരണം നടത്തിയിരുന്നത്. ബിജെപിക്ക് തനിയെ 370 സീറ്റുകളും എൻഡിഎ മുന്നണിക്ക് 400 സീറ്റും എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രവചനം. എന്നാല്‍ ഇന്ത്യാമുന്നണിയുടെ മുന്നേറ്റത്തില്‍ ആ പ്രതീക്ഷ തകര്‍ന്നു വീഴുകയായിരുന്നു. ഈ പ്രചാരണം പരാമര്‍ശിച്ചാണ് മോദിക്കെതിരെ ശശി തരൂര്‍ പരിഹാസരൂപേണ പോസ്റ്റിട്ടത്.
എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് 240 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. എൻഡിഎ മുന്നണി ആകെ നേടിയത് 293 സീറ്റുകളും. ബ്രിട്ടനിലെ പൊതു തിരഞ്ഞെടുപ്പിൽ 650 അംഗ പാർലമെന്റിൽ 412 സീറ്റിലും ലേബർ പാർട്ടി വിജയിച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് 121ലും ലിബറൽ ഡെമോക്രാറ്റ്സിന് 71 സീറ്റിലുമാണ് വിജയിക്കാനായത്.
ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിനൊപ്പം ബ്രിട്ടനില്‍ ഒരു മലയാളി എംപിയെക്കൂടി ലഭിച്ച തിരഞ്ഞെടുപ്പായിരുന്നു നടന്നത്. കോട്ടയം സ്വദേശിയായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫഡ് സീറ്റ് പിടിച്ചെടുത്ത് ഇംഗ്ലണ്ടിലെ തന്നെ താരമായത്. ഒരു നഴ്സായി യുകെയില്‍ ജീവിതം ആരംഭിച്ച സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക സേവനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.