സിയാച്ചിനില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനിക ഓഫിസര്‍ അന്‍ഷുമാന്‍ സിങിന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ഭാര്യ സ്മൃതി. ദ്രൗപതി മുര്‍മുവില്‍ നിന്ന് കീര്‍ത്തിചക്ര സ്വീകരിച്ച ശേഷമായിരുന്നു സ്മൃതിയുടെ പ്രതികരണം. 2023 ജൂലൈ 19 പുലര്‍ച്ചെ മൂന്നരയോടെ സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യുവരിച്ചത്. ബങ്കറിനുള്ളില്‍ അകപ്പെട്ട ജവാന്‍മാരെ രക്ഷിക്കുന്നതിനിടെയാണ് അന്‍ഷുമാന്‍ സിങ്ങിന്‍റെ ജീവന്‍ പൊലിഞ്ഞത്. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
‘ആദ്യദിനം കോളജില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. കണ്ട മാത്രയില്‍ തന്നെ ഞങ്ങള്‍ പ്രണയത്തിലായി. വളരെ പ്രഗല്‍ഭനായ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. വൈകാതെ അന്‍ഷുമാന്‍ ആര്‍മെഡ് ഫോഴ്സ് മെഡിക്കല്‍ കോളജിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിലായിരുന്നു ഞങ്ങള്‍. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി. നിര്‍ഭാഗ്യവശാല്‍ രണ്ടുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സിയാച്ചിനിലേക്ക് പോസ്റ്റ് ചെയ്യപ്പെട്ടു’.
അന്‍ഷുമാന്‍ മരിക്കുന്ന അന്ന് രാത്രി ഫോണിലൂടെ ഇരുവരും ഏറെ നേരം സംസാരിച്ചിരുന്നു. വീട് വയ്ക്കുന്നതും കുട്ടികളും തുടങ്ങി ചെറുതും വലുതുമായ ഒരുപാട് മോഹങ്ങള്‍ പങ്കുവച്ചു. എന്നാല്‍ ആ സ്വപ്നങ്ങളെല്ലാം ജൂലൈ 19ന് രാവിലെ സ്മൃതിക്ക് വന്നൊരു ഫോള്‍ കോളില്‍ അവസാനിച്ചു. വെറും അഞ്ചുമാസം മാത്രമാണ് വിവാഹിതരായി ഇരുവരും ജീവിച്ചത്. ‘അദ്ദേഹത്തിന്‍റെ മരണം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്കിനിയും ആയിട്ടില്ല. എന്നാല്‍ ഇന്നെന്‍റെ കയ്യിലിരിക്കുന്ന കീര്‍ത്തിചക്ര, ആ സത്യം എനിക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്, അദ്ദേഹം ഒരു ഹീറോയാണ്. മൂന്ന് കുടുബങ്ങളെ രക്ഷപ്പെടുത്തിയാണ് അദ്ദേഹം പോയത്’. കീര്‍ത്തി നിറകണ്ണുകളോടെ പറഞ്ഞ് നിര്‍ത്തി. സ്മൃതിയും ക്യാപ്റ്റന്‍ അന്‍ഷുമാന്‍റെ മാതാവും ചേര്‍ന്നാണ് പ്രസിഡന്‍റ് മുര്‍മുവില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. യുപി സ്വദേശിയായിരുന്ന ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് സിയാച്ചിനില്‍ റെഡിമെന്‍റല്‍ മെഡിക്കല്‍ ഓഫിസറായിരുന്നു.