dog-gold-chain

Image Credit: aniljewellersofficial / Instagram

വളർത്തുനായയ്ക്ക് സ്വർണ ചെയിൻ വാങ്ങി നല്‍കി യുവതി. മുംബൈയിലാണ് സംഭവം. സ്വര്‍ണ ചെയിന്‍ വാങ്ങാനായി 2.5 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് താമസിക്കുന്ന സൽദന എന്ന യുവതിയാണ് തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയ്ക്കായി സ്വര്‍ണ ചെയിന്‍ വാങ്ങിയത്. സ്വര്‍ണ ചെയിന്‍ വാങ്ങിയ ജ്വല്ലറിക്കാര്‍ അതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിഡിയോ ഇതിനോടകം വൈറലാണ്.

ടൈഗര്‍ എന്നു വിളിക്കുന്ന വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തിലാണ് ഇത്തരത്തില്‍ യുവതി സ്വര്‍ണ ചെയിന്‍ വാങ്ങി സമ്മാനമായി നല്‍കിയത്. 35 ഗ്രാമിന്‍റെ ചെയിനാണ് യുവതി വാങ്ങിയത്.  യുവതിയും നായയും ഒരുമിച്ചാണ് ജ്വല്ലറിയിലെത്തിയത്. മാല തിരഞ്ഞെടുക്കുന്നത് വരെ നായ ക്ഷമയോടെ കാത്തിരിക്കുന്നതും, സ്വര്‍ണ ചെയിന്‍ കഴുത്തില്‍ ഇട്ടപ്പോള്‍ സ്നേഹത്തോടെ നായ വാല്‍ ആട്ടുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഗാധവും മനോഹരവുമായ സ്നേഹം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ കണ്ടത് അരലക്ഷത്തിനടുത്ത് ആളുകളാണ്. യുവതിയുടെ പ്രവര്‍ത്തനത്തെയും വളര്‍ത്തുനായയോടുള്ള സ്നേഹത്തെയും പ്രശംസിച്ച് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. വളര്‍ത്തുനായയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നവരും കുറവല്ല. 

ENGLISH SUMMARY:

Mumbai woman buys gold chain for her pet