TOPICS COVERED

‘അടുത്ത 50 വര്‍ഷക്കാലത്തെ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചാണ് ജൂലൈ 18ന് ഞങ്ങള്‍ സംസാരിച്ചത്. അതൊരു ദീര്‍ഘമായ ഫോണ്‍ സംഭാഷണമായിരുന്നു, അടുത്ത ദിവസം രാവിലെ അദ്ദേഹം ഇനിയില്ലെന്ന ഫോണ്‍ സന്ദേശമാണ് ലഭിച്ചത്. അടുത്ത ഏഴെട്ട് മണിക്കൂര്‍ ആ ദുരന്തം ഉള്‍ക്കൊള്ളാനാകാതെ ഞങ്ങള്‍ മരവിച്ചിരുന്നു’

കൈകള്‍ കൂട്ടിപ്പിടിച്ച്, നേരിടുന്ന വേദനയെ മുഴുവന്‍ ആവാഹിച്ച മുഖഭാവത്തോടെ, എങ്കിലും അഭിമാനത്തോടെയാണ് വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ പ്രിയപത്നി സ്മൃതിസിങ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു മുന്‍പില്‍ നിന്നത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വജീവന്‍ ത്യാഗം ചെയ്തതാണ് അന്‍ഷുമാന്‍. സിങ്ങിന് രാജ്യം നല്‍കുന്ന ആദരവ് ഏറ്റുവാങ്ങുന്നതിനാണ് പത്‌നി സ്മൃതി സിങ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. സ്മൃതിയ്‌ക്കൊപ്പം ആ ധീരജവാന്റെ അമ്മയും  ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികബഹുമതിയായ കീര്‍ത്തി ചക്ര മരണാനന്തരബഹുമതിയായി നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. സിയാച്ചിനിലുണ്ടായ അപകടത്തിലാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് വീരമൃത്യു വരിച്ചത്.

സ്മൃതിസിങ്ങിന്റെയും അന്‍ഷുമാന്‍ സിങ്ങിന്റേയും ആദ്യകാല പ്രണയത്തെക്കുറിച്ചും സ്മൃതി സംസാരിച്ചു. ‘എന്‍ജിനീയറിങ് കോളേജിലെ ആദ്യദിനത്തിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പ്രഥമകാഴ്ചയില്‍ ഞങ്ങള്‍ പ്രണയത്തിലായി. ഒരു മാസത്തിനുശേഷം അദ്ദേഹത്തിന് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു, സൂപ്പര്‍ ഇന്റലിജന്റ് ബോയ് ആയിരുന്നു. പിന്നീട് നീണ്ട എട്ട് കൊല്ലം ലോങ്-ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു, ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഉദ്യോഗസംബന്ധമായി അദ്ദേഹത്തിന് സിയാച്ചിനില്‍ പോകേണ്ടി വന്നെന്നും സ്മൃതി പറഞ്ഞു. 

ഇന്ന് അഭിമാനമാണ്, ഇന്നിപ്പോള്‍ കീര്‍ത്തിചക്ര എന്റെ കൈകളിലുണ്ട്, അദ്ദേഹം ഒരു ഹീറോയാണ്, എനിക്കിപ്പോള്‍ വിഷമമില്ല. മറ്റുള്ളവര്‍ക്കായി, അദ്ദേഹത്തിന്റെ സൈനികകുടുംബത്തിനായാണ് അദ്ദേഹം ജീവത്യാഗം ചെയ്തതെന്ന സത്യം തിരിച്ചറിയുന്നെന്നും സ്മൃതി പറയുന്നു. സിയാച്ചിനില്‍ മെഡിക്കല്‍ ഓഫീസറായാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് നിയമനം ലഭിച്ചത്. 2023 ജൂലായ് 19 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഷോട്ട് സര്‍ക്യൂട്ട് മൂലം സൈനിക ക്യാമ്പില്‍ തീപ്പിടിത്തമുണ്ടായി. ഫൈബര്‍ഗ്ലാസ് കൂടാരം അഗ്നിജ്വാലകളാല്‍ ചുറ്റപ്പെട്ടതുകണ്ട ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് അതിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനൊരുങ്ങി. നാലഞ്ച് പേരെ തീയില്‍ നിന്ന് പുറത്തെത്തിച്ച ക്യാപ്റ്റന്‍ ഒടുവില്‍ അഗ്നിയ്ക്ക് കീഴടങ്ങി. 2023 ജൂലായ് 22ന് എല്ലാ ഔദ്യോഗികബഹുമതികളോടെ ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Smrethi Singh talking about her husband Captain Anshuman Singh:

‘On July 18, we talked about our life for the next 50 years. It was a long phone conversation and the next morning I got a phone message that he is no more. For the next seven to eight hours, we were frozen, unable to comprehend the tragedy.