TOPICS COVERED

സ്വയം കൈകള്‍ അറ്റന്‍ഷനായി വച്ച് നടന്നുപോകുന്നയാളാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. പഴയ ആര്‍എസ്എസ് അച്ചടക്കം മറന്നിട്ടില്ല എന്ന മട്ടില്‍. അതുകൊണ്ടാവണം പാന്‍റിന്‍റെയോ കോട്ടിന്‍റെയോ പോക്കറ്റില്‍ കയ്യിട്ട് അംഗങ്ങള്‍ സഭയില്‍ വരുന്നത് സ്പീക്കര്‍ക്ക് അലര്‍ജിയാണ്.  ബജറ്റ് സമ്മേളനത്തില്‍ പലതവണ അംഗങ്ങളെ അറ്റന്‍ഷനാക്കി നിര്‍ത്തി സ്പീക്കര്‍. എന്നാല്‍ ബിര്‍ലയുടെ ഈ പോക്കറ്റ് വിരോധം പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയെത്തന്നെ ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും നടന്നു പോകുമ്പോഴും പ്രസംഗിക്കുമ്പോഴുമെല്ലാം പാന്‍റിന്‍റെ പോക്കറ്റില്‍ കയ്യിടുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ ശീലം. സ്പീക്കര്‍ ഉടക്ക് തുടങ്ങിയ ശേഷമുള്ള രണ്ടു ദിവസം അദ്ദേഹം സഭയില്‍ വന്നിട്ടില്ല. തിങ്കളാഴ്ച വരുമ്പോള്‍ കൈകള്‍ കോര്‍ത്തു പിടിച്ച് നടക്കാനും നില്‍ക്കാനും ശീലിച്ച് വരുന്നത് ചെയറുമായുള്ള ഉടക്ക് ഒഴിവാക്കാന്‍ ഉപകരിക്കും.

സ്പീക്കറുടെ സെല്‍ഫ് ഗോള്‍

ബജറ്റ് ചര്‍ച്ചക്കിടെ നോട്ടുനിരോധനത്തെക്കുറിച്ച് പറഞ്ഞ ടിഎംസി അംഗം അഭിഷേക് ബാനര്‍ജിയെ തിരുത്താനുള്ള സ്പീക്കറുടെ ശ്രമം തിരിച്ചടിച്ചു. 2016ല്‍ നടന്ന നോട്ടുനിരോധനത്തെക്കുറിച്ച് 2024 ല്‍ പരാമര്‍ശിക്കേണ്ടതില്ല എന്ന ഓം ബിര്‍ലയുടെ ഉപദേശത്തിന്, 1975 ല്‍ നടന്ന അടിയന്തരാവസ്ഥയെക്കുറിച്ച് ഈ സഭ ചര്‍ച്ച ചെയ്തില്ലേ എന്ന് അഭിഷേക് തിരിച്ചടിച്ചത് ചെയറിന് ക്ഷീണമായി. അടിയന്തരാവസ്ഥവിരുദ്ധ പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഓം ബിര്‍ല സ്പീക്കര്‍ പദവിയിലെ രണ്ടാമങ്കം തുടങ്ങിയത്. 

കസേര കളിച്ച് ബാനര്‍ജിയും റിജിജുവും

ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. അല്ലെങ്കില്‍ അവിടെ മറ്റാരെങ്കിലും കയറിയിരിക്കും.  പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ ഇരിപ്പ്, ലോക്സഭയില്‍ നഴ്സറി സ്കൂള്‍ അന്തരീക്ഷം സൃഷ്ടിച്ചു. പാര്‍ലമെന്‍ററികാര്യമന്ത്രിയായ റിജിജു പ്രതിപക്ഷത്തിന്‍റെ തൊട്ടടുത്തുള്ള സീറ്റില്‍ പോയി ഇരുന്നതാണ് കുഴപ്പമായത്. സഭയില്‍ എന്തുണ്ട് ഉടക്കാനെന്ന് നോക്കിയിരിക്കുന്ന തൃണമൂലിന്‍റെ കല്യാണ്‍ ബാനര്‍ജി ചാടിയെണീറ്റു. മന്ത്രിമാര്‍ക്ക് തോന്നുംപടി ഇരിക്കാനാവില്ലെന്ന് ആക്രോശിച്ചു. എന്നാല്‍ മന്ത്രി, ഭരണപക്ഷ ബഞ്ചില്‍ തന്നെയാണ് ഇരിക്കുന്നതെന്നും സീറ്റ് നിശ്ചയിച്ചിട്ടില്ലല്ലോ എന്നും ചെയര്‍.

പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ ഇരിപ്പ്, ലോക്സഭയില്‍ നഴ്സറി സ്കൂള്‍ അന്തരീക്ഷം സൃഷ്ടിച്ചു

ഓഹോ ആര്‍ക്കും എവിടെ വേണമെങ്കിലും ഇരിക്കാമോ, എങ്കില്‍ കാണിച്ചുതരാമെന്നായി കല്യാണ്‍ ബാനര്‍ജി. നേരെ എഴുന്നേറ്റ് ഭരണപക്ഷത്തേക്ക് ഒറ്റ പോക്കായിരുന്നു. ഭരണപക്ഷത്തെ ഒന്നാം നിരയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സീറ്റില്‍ പോയി ഇരിക്കാനായിരുന്നു ബാനര്‍ജിയുടെ നീക്കം. പ്രതിരോധത്തില്‍ ഒട്ടും മോശമല്ലാത്ത പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശക്തമായി പ്രതിരോധിച്ചതിനെത്തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജി തിരിച്ച് പ്രതിപക്ഷ ബഞ്ചിലെത്തി. 

സര്‍ദാര്‍ജിമാരുടെ പോര്‍വിളി

മിത്രങ്ങള്‍ ശത്രുക്കളായാല്‍ ശത്രുതയ്ക്ക് കടുപ്പമേറും.   ബജറ്റ് ചർച്ചക്കിടെ  കോൺഗ്രസിലെ ചരൺജിത് ചന്നിയും മന്ത്രി രവനീത് സിങ് ബിട്ടുവും തമ്മിലുള്ള വാക്പോര് പരിധി വിട്ടതിനും കാരണം ഇതുതന്നെ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് രവനീത് സിങ് ബിട്ടു.  കോൺഗ്രസ് അംഗങ്ങൾ ബിട്ടുവിനെതിരെ പോർവിളിയുമായി കളത്തിലിറങ്ങിയതോടെ കാര്യങ്ങള്‍ കയ്യേറ്റത്തിലെത്തുമെന്ന് തോന്നിപ്പിച്ചു. വ്യക്തിപരമായ വിഷയങ്ങളടക്കം  പരസ്പരം ഉന്നയിച്ച ആക്ഷേപങ്ങള്‍ സഭയുടെ അന്തസിന് തീര്‍ത്തും നിരക്കാത്തതായി. പലതും സഭാരേഖകളില്‍ നിന്ന് നീക്കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ ഇവിടെയും സമാധാനദൂതുമായി ഇറങ്ങിയത് രാജ്നാഥ് സിങ് തന്നെ.

കിഞ്ചരപ്പു മുത്താണ്.. !

മന്ത്രിസഭയിലെ കുഞ്ഞനാണ് വ്യോമയാന മന്ത്രി കിഞ്ചരപ്പു രാം മോഹന്‍ നായിഡു. മുന്‍ കേന്ദ്രമന്ത്രി യേരന്‍ നായിഡുവിന്‍റെ മകനാണ് 36 വയസുകാരനായ കിഞ്ചരപ്പു. വിമാനയാത്രാനിരക്കിലെ കൊള്ളയെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉന്നയിച്ച ചോദ്യത്തിന് പ്രതിപക്ഷ ബഹുമാനത്തോടെ മറുപടി നല്‍കിയ കുട്ടിമന്ത്രി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ചോദ്യവുമായി എഴുന്നേറ്റ മുതിര്‍ന്ന ഭരണ–പ്രതിപക്ഷ അംഗങ്ങളില്‍ പലരും മന്ത്രിയുടെ പിതാവുമായുള്ള വ്യക്തിബന്ധം ഓര്‍മിപ്പിച്ചു. പ്രായത്തില്‍ ചെറുതെങ്കിലും മന്ത്രി മിടുക്കനാണെന്ന സ്പീക്കറുടെ പരാമര്‍ശവും കിഞ്ചരപ്പു നിറചിരിയോടെ സ്വീകരിച്ചു. 

നിര്‍മിതബുദ്ധിയെ നിയന്ത്രിക്കണം

എഐ അഥവാ നിര്‍മിതബുദ്ധി കാത്തുവച്ചിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സഭയ്ക്ക് മുന്നറിയിപ്പ് നല്‍കി സിപിഐയുടെ രാജ്യസഭാംഗം പി.സന്തോഷ് കുമാര്‍. നിര്‍മിതബുദ്ധിയെ നിയന്ത്രിക്കാന്‍ ഉന്നതതലസമിതി രൂപീകരിക്കണമെന്ന് സന്തോഷ് കുമാറിന്‍റെ സ്വകാര്യബില്‍ ആവശ്യപ്പെടുന്നു.