TOPICS COVERED

'ദുരഭിമാനകൊല അക്രമമല്ല. മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍ മാത്രമാണ്,' പരിഷ്കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ല തമിഴ് നടന്‍ രഞ്ജിത്തിന്‍റെ ഈ പരാമര്‍ശം.   മക്കള്‍ക്ക് എന്തെങ്കിലും പ്രശ്​നമുണ്ടായാല്‍ അത് നന്നായി മനസിലാവുക മാതാപിതാക്കള്‍ക്ക് മാത്രമാണ്.  തുടര്‍ന്നുണ്ടാകുന്ന  ദേഷ്യവും  മക്കളോടുള്ള കരുതലുമാണ്  ദുരഭിമാനകൊലകള്‍ക്ക് കാരണമെന്നും  രഞ്ജിത്ത് പറഞ്ഞു. പരാമര്‍ശം വിവാദമായതിന് പിന്നാലെ ദുരഭിമാനക്കൊലകളെ ന്യായീകരിച്ചിട്ടില്ലെന്നും, വാക്കുകൾ ദുർവ്യാഖ്യാനംചെയ്തുവെന്നും പറഞ്ഞ് രഞ്ജിത്ത് മലക്കം മറിഞ്ഞുവെങ്കിലും ഉള്ളിലുണ്ടായിരുന്നതുതന്നെയാണ് പുറത്തുവന്നത്. 

രഞ്ജിത്തിന്‍റെ വിവാദ പരാമര്‍ശത്തിന്‍റെ ചൂടാറും മുമ്പേയാണ്  ഉത്തര്‍പ്രദേശില്‍ നിന്നും ദുരഭിമാനകൊലയുടെ ഒരു വാര്‍ത്ത പുറത്തുവന്നത്. യുവാവിനൊപ്പം മകള്‍ ഇറങ്ങിപ്പോയതറിഞ്ഞ ഒരു അച്ഛന്‍റെ കരുതല്‍ പക്ഷേ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു . യുവതിയെ തിരഞ്ഞ് യുവാവിന്‍റെ വീട്ടിലെത്തിയ അച്ഛനും ബന്ധുക്കളും ചേര്‍ന്ന്  യുവാവിന്‍റെ സഹോദരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇത് ഫോണില്‍ ചിത്രീകരിക്കാനും അവര്‍ മറന്നില്ല.കൊലപാതകത്തിന്‍റെ ആഘാതത്തില്‍ നിന്നും ശാരീരികമായും മാനസികമായും മോചിതയായ ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

മാതാപിതാക്കളുടെ കരുതലിനെ പറ്റിയുള്ള രഞ്ജിത്തിന്‍റെ പ്രസ്​താവനക്കും ദിവസങ്ങള്‍‌ക്കും മുമ്പേ വന്ന മറ്റൊരു വാര്‍ത്ത ഇങ്ങനെ. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുസ്ലിം യുവാവുമായി സ്നേഹബന്ധത്തിലായ 17കാരിയെ സഹോദരന്‍ പട്ടാപ്പകല്‍ നാട്ടുകാരുടെ മുമ്പില്‍ വച്ച് കഴുത്തുഞെരിച്ചുകൊലപ്പെടുത്തി. അച്ഛന്‍റെ മാനവും അന്തസും സംരക്ഷിക്കുകയാണെന്നാണ് കൊലപാതകത്തിനിടക്ക് ആ യുവാവ് വിളിച്ചുപറഞ്ഞത്. മാതാപിതാക്കളുടെ കരുതലിനെ പറ്റിയും ദേഷ്യത്തെ പറ്റിയും വിശദീകരിക്കുന്ന രഞ്ജിത്ത് ഇത്തരം വാര്‍ത്തകള്‍ കാണുന്നുണ്ടോ എന്ന് അറിയില്ല. ഇത്തരം കരുതല്‍ കാണാന്‍ യുപി വരെ പോകണ്ട, തമിഴ്​നാട്ടില്‍ തന്നെ ഉദാഹരണങ്ങള്‍ ധാരളം.

കഴിഞ്ഞ ജനുവരിയില്‍ ത​ഞ്ചാവൂരിലാണ് പട്ടികജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ച19കാരി  ഐശ്വര്യയെ  പിതാവ് പെരുമാള്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. സ്നേഹിച്ച ആള്‍ക്കൊപ്പം ഐശ്വര്യ ഇറങ്ങിപ്പോയതിന് പിന്നാലെ പെരുമാള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് മകളെ കണ്ടെത്തി പെരുമാളിനെ തിരിച്ചേല്‍പ്പിക്കുയും ചെയ്തു. വീട്ടിലെത്തിയയുടന്‍ പെരുമാള്‍ മകളെ കൊലപ്പെടുത്തി.

ദുരഭിമാനത്തെ തുടര്‍ന്ന് മധുരയിലെ തിരുമംഗലത്ത് സഹോദരിയെയും കാമുകനെയും  യുവാവ് കഴുത്തറുത്ത് കൊന്നതും കഴിഞ്ഞ ജനുവരിയില്‍ തന്നെ . മഹാലക്ഷ്മിയെ പ്രണയിച്ച  സതീഷ് കുമാറിന്‍റെ കഴുത്ത് അറുത്ത  യുവാവ് തല തൊട്ടടുത്ത തിയേറ്ററില്‍ പ്രദര്‍ശനത്തിനുവച്ചു . പിന്നാലെ വീട്ടിലെത്തി  ‌മഹാലക്ഷ്മിയെയും കഴുത്തറുത്തു കൊന്നു. തടയാന്‍ ശ്രമിച്ച അമ്മയുടെ വലതുകയ്യും യുവാവ് വെട്ടിയെടുത്തു.

ഫെബ്രുവരി  26നാണ് ചെന്നൈയില്‍ നടന്നതും സമാനതകളില്ലാത്ത ദുരഭിമാനക്കൊലയാണ്. പട്ടികജാതിക്കാരനായ പ്രവീണിനെ വിവാഹം ചെയ്ത്  സന്തോഷ പൂര്‍വം താമസിക്കുകയായിരുന്നു ശര്‍മിള. പക്ഷ ശര്‍മിളയുടെ കുടുംബാംഗങ്ങള്‍ക്ക് അത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു .  ശര്‍മിളയുടെ സഹോദരന്‍ കൂട്ടുകാരുമായെത്തി പ്രീവണിനെ തൂക്കിക്കൊന്നു. കൊലപാതകത്തിനുത്തരവാദി അ‍ച്ഛനും സഹോദരനുമാണെന്ന് കാണിച്ച് ശര്‍മിള പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല . ഒടുവില്‍ മനംനൊന്ത്  ശര്‍മിള കഴിഞ്ഞ ഏപ്രിലില്‍ ജീവനൊടുക്കി. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് ശര്‍മിളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംവിധായകന്‍ പാ രഞ്ജിത്ത് ആരോപിച്ചിരുന്നു

തമിഴ്​നാട്ടിലെ ഈ ദുരഭിമാനകൊലകളുടെ കാരണം രഞ്ജിത്തിന് ബോധ്യപ്പെട്ടില്ലെങ്കില്‍ ഉദുമല്‍പേട്ട് സ്വദേശി ശങ്കറിന്‍റെ കൊലപാതകം ഒന്ന് ഓര്‍ത്തെടുക്കുന്നത് നന്നാവും.  രാജ്യത്ത് തന്നെ വലിയ കോളിളക്കം  സൃഷ്ടിച്ച  മാധ്യമശ്രദ്ധ നേടിയ ദുരഭിമാനകൊലയാണ് ശങ്കറിന്‍റേത്. ഡിണ്ടിഗല്‍ ജില്ലയിലെ കുപ്പമ്മപാളയത്ത് പ്രബല സമുദായമായ തേവര്‍ കുടുംബാംഗമായിരുന്നു കൗസല്യ. ദളിത് വിഭാഗമായ ദേവേന്ദ്ര കുല വെള്ളാളര്‍ സമുദായ അംഗമായിരുന്നു ശങ്കര്‍. സാമ്പത്തികമായും താഴ്​ന്ന കുടുംബാംഗമായ ശങ്കറുമായുള്ള കൗസല്യയുടെ വിവാഹം കുടുംബം അംഗീകരിച്ചിരുന്നില്ല. 

2016 മാര്‍ച്ച് 13നാണ് വടിവാളുമായെത്തിയ സംഘം നടുറോഡില്‍ ജനം നോക്കിനില്‍ക്കെ ശങ്കറിനെ വെട്ടിക്കൊന്നത്. കൗസല്യക്കും ഗുരുതരമായി പരുക്കേറ്റു. കേസില്‍ കൗസല്യയുടെ പിതാവ് പി.ചിന്നസാമി അടക്കം ആറുപേര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍  തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടികാട്ടി ചിന്നസാമിയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബാക്കി അഞ്ചുപേരുടെയും ശിക്ഷ 25 കൊല്ലം കഠിന തടവായി ചുരുക്കി. ശങ്കര്‍ തന്‍റെ ജാതി ആയിരുന്നാല്‍ ഒരു പ്രശ്​നവും ഉണ്ടാകുമായിരുന്നില്ല എന്നു കൗസല്യ പറഞ്ഞിരുന്നു . മരണശേഷവും ശങ്കറിന്റെ വീട്ടില്‍ തുടര്‍ന്ന കൗസല്യ  ശങ്കറിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചു. ഇന്ന് തമിഴ്​നാട്ടിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ മുഖമാണ് അവര്‍. 

പ്രബുദ്ധമെന്ന് മേനിനടിക്കുന്ന കേരളത്തിനുമുണ്ട് ദുരഭിമാനകൊലപാകത്തിന്‍റെ സമീപകാല ചരിത്രം. ദുരഭിമാന കൊലപാതകങ്ങള്‍ കേട്ടുകേള്‍വി ഇല്ലാതിരുന്ന കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു 2018 കെവിന്‍ വധക്കേസ് സംഭവിച്ചത്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് കേരളം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ സമാനമായ വാര്‍ത്തകള്‍ വീണ്ടും വന്നു. 2018-ല്‍ മലപ്പുറം അരീക്കോടിലാണ് പിതാവ് സ്വന്തം മകളെ കുത്തിക്കൊന്നത്. വിവാഹത്തലേന്ന് മകളെ കുത്തിക്കൊല്ലാന്‍ പിതാവായ രാജനെ പ്രേരിപ്പിച്ചതും വരന്റെ ജാതിയായിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ടയാളെയാണ് മകളായ ആതിര പ്രണയിച്ചു വിവാഹം ചെയ്യാനൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ആലങ്ങാട് മറിയപ്പടിയില്‍ ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ പത്താംക്ലാസുകാരിയായ ഫാത്തിമയെ പിതാവ് മര്‍ദിച്ച് അവശയാക്കി കളനാശിനി കുടിപ്പിച്ച് കൊന്നത്. 

ഈ കേസിലെല്ലാം ഇരകളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. . ജാതിയില്‍ താഴ്​ന്നവരായി കണക്കാക്കപ്പെടുന്നവരുമായി ബന്ധമുണ്ടാവുമ്പോഴാണ് ചില പ്രത്യേക കരുതലും ദേഷ്യവും മാതാപിതാക്കള്‍‌ക്ക് ഉണ്ടാകുന്നത്. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്​നം മക്കളോടുള്ള സ്നേഹമോ  അതോ ജാതിയോ?

സമീപകാലത്തു നടന്ന ദുരഭിമാന കൊലപാതകളില്‍ ചിലതുമാത്രമാണ്ചൂണ്ടിക്കാട്ടിയത്.  ഭൂതകാലത്തേക്ക്  തിരഞ്ഞുപോയാല്‍  ഈ പട്ടികയ്ക്ക് അന്തമുണ്ടാകില്ല.  ജാതി വിവേചനം പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട് . പക്ഷേ ജാതിയുടെ പേരിലുള്ള അതിക്രമങ്ങള്‍  പരിഷ്കൃത സമൂഹം തന്നെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. രഞ്ജിത്തിനെ പോലുള്ള സെലിബ്രിറ്റികള്‍ ദുരഭിമാനക്കൊലകളെ ന്യായീകിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് പ്രോല്‍സാഹനമായില്ലെങ്കിലേ അത്ഭുതമുള്ളൂ