ഷിരൂരില്‍ രണ്ടാംഘട്ട തിരച്ചിലില്‍ ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തത് കേരളത്തിന്റെ പ്രതീക്ഷയാണ്. മണ്ണിടിച്ചിലുണ്ടായി ഒരു മാസം തികയാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കെയാണ് പ്രതീക്ഷയ്ക്ക് ജീവന്‍വച്ചത്. ഈശ്വര്‍ മല്‍പെ ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് പൊങ്ങിയത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും കൊണ്ടാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് മല്‍പെ വീണ്ടും തിരച്ചിലിനിറങ്ങുമെന്ന് വാര്‍ത്തകള്‍ വരുന്നത്. അതുവരെ തിരച്ചിലിനായി നേവിയെത്തുമെന്നായിരുന്നു ഷിരൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ നേവിയെത്തുന്നതില്‍ ജില്ലാ ഭരണകൂടവും കര്‍വാര്‍ എംഎല്‍എയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ആ തീരുമാനം നടന്നില്ലെന്നാണ് വ്യക്തമാകുന്നത്.
ഉച്ചകഴിഞ്ഞ് 45 മിനിറ്റാണ് ഈശ്വര്‍മല്‍പെ മണ്ണിടിഞ്ഞുവീണ ഗംഗാവലിയുടെ ആഴങ്ങളില്‍ കാണാതായവരെ തേടിയിറങ്ങിയത്. മൂന്ന് തവണയും മല്‍പെ പൊങ്ങിവന്നതെല്ലാം ഓരോ സാംപിളുകളും കൊണ്ടാണ്. അതില്‍ ഒരെണ്ണം മലയാളികള്‍ കാത്തിരിക്കുന്ന അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കിയായിരുന്നു. ഇത് ആ ലോറിയുടെ ജാക്കിതന്നെയെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.
മുന്‍പും രണ്ടു ദിവസം ഈശ്വര്‍ മല്‍പെ ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും അന്ന് വെള്ളത്തിനുള്ളിലേക്ക് ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതുകൊണ്ട് തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാലിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയായിരുന്നെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. ഗംഗാവലിയുടെ അടിത്തട്ടിലേക്ക് കാഴ്ചയെത്തിയതിനാല്‍ തിരച്ചില്‍ താരതമ്യേന സുഗമമായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുകൂല സാഹചര്യം ഒരുക്കിയത്.
ഇത്രയും ദിവസം നീണ്ട തിരച്ചിലില്‍ ഇന്നാണ് ഏറ്റവും നല്ല റിസല്‍റ്റ് കിട്ടിയതെന്ന് ലോറി ഉടമ മനാഫും പറഞ്ഞു. ആ ഒരൊറ്റ മനഷ്യന്‍ ആണ് കുടുംബത്തിന്റേയും കേരളത്തിന്റേയും പ്രതീക്ഷ ഇരട്ടിയാക്കിയത്. 30കിലോയോളം വരുന്ന ജാക്കിയും കൊണ്ട് പൊങ്ങിവന്നതില്‍ അമ്പരപ്പ് തോന്നിയെന്ന് പറഞ്ഞ മനാഫ് മല്‍പെയോട് നന്ദിയുണ്ടെന്നും പറഞ്ഞു. മല്‍പെ മുങ്ങിയ 20 മീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് ജാക്കി കണ്ടെത്തിയത്. നാല് സ്പോട്ടുകളിലാണ് ലോറി ഉണ്ടാവാന്‍ സാധ്യതയുള്ളത്. അതില്‍ ആദ്യസ്പോട്ടില്‍ നിന്നു തന്നെയാണ് ജാക്കി കണ്ടെത്തിയത്. ഒരു മരത്തിന്റെ ഡോറും കണ്ടെടുത്തെങ്കിലും അത് അര്‍ജുന്റെ ട്രക്കിന്റേതല്ലെന്ന് വ്യക്തമായി. നാളെയാവും പുഴയുടെ മധ്യഭാഗത്തുള്‍പ്പെടെയുളള സ്പോട്ടുകളില്‍ പരിശോധന നടത്തുക.
അതേസമയം കേരളം രണ്ടാമതും അര്‍ജുനുവേണ്ടി നില്‍ക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും മനാഫ് വ്യക്തമാക്കുന്നു. വയനാടോട് കൂടി അര്‍ജുനെ ഉപേക്ഷിച്ചെന്ന് കരുതി. ലക്ഷ്മണിന്റെ ചായക്കടയുടെ പിറകില്‍ നിന്നാണ് ഇന്ന് ലോറിയുടെ ജാക്കി മുങ്ങിയെടുത്തത്. നാളത്തെ തിരച്ചിലില്‍ മല്‍പെക്കു പുറമെ നേവിയും എന്‍ഡിആര്‍എഫും എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഗംഗാവലിയുടെ അടിത്തട്ടില്‍ താന്‍ കണ്ട കാര്യങ്ങള്‍ ഈശ്വര്‍ മല്‍പെ കര്‍വാര്‍ എംഎല്‍എ സതീഷ്‌കൃഷ്ണ സെയിലിയോട് വിശദമാക്കി. രണ്ടാഴ്ചത്തെ സാഹചര്യം മാറിയെന്നും അടിത്തട്ടിലെ ഒഴുക്കുപോലും പ്രശ്നമല്ലെന്നും മല്‍പെ പറഞ്ഞു. നാളെ രാവിലെ 8.30യോട് കൂടി ഈശ്വര്‍മല്‍പെയും നാലുപേരടങ്ങുന്ന സംഘവും തിരച്ചില്‍ വീണ്ടും ആരംഭിക്കും. അതേസമയം ഇനി തിരച്ചിലിനു നേവി ഉണ്ടാകുമോ എന്ന ചോദ്യത്തിനു പ്രകോപിതനായാണ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചത്. നേവിക്ക് ഒന്നും ചെയ്യാനില്ലെന്നും കര്‍വാര്‍ എംഎല്‍എ പറയുന്നു.