സാഹോദര്യത്തിന്‍റെ സന്ദേശവുമായി രക്ഷാ ബന്ധന്‍ ആഘോഷത്തില്‍ ഉത്തരേന്ത്യ. സഹോദരന്‍റെ കൈത്തണ്ടയില്‍ രാഖി കെട്ടി മധുരം പങ്കിട്ട് സഹോദരിമാര്‍ സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുകയാണ്. 

അലങ്കരിച്ച രാഖി ചരടുകളും മധുരപലഹാരവും കുറിതൊടാന്‍ കുങ്കുമവും.  ശ്രാവണ മാസത്തിലെ പൗര്‍ണമി നാളില്‍ ശുഭ മുഹൂര്‍ത്തത്തില്‍ സഹോദരന്‍റെ കൈത്തണ്ടയില്‌ അവര്‍ രാഖി ചാര്‍ത്തുന്നു.  ഉത്തരേന്ത്യക്കാര്‍ക്ക് രാഖി വെറുമൊരു ചരടല്ല, സഹോദരീ സഹോദര ബന്ധത്തിന്‍റെ പ്രതീകമാണ്. 

മഹാഭാരതുമായി ബന്ധപ്പെട്ടാണ് രക്ഷാ ബന്ധനുപിന്നിലെ പ്രധാന ഐതീഹ്യം. സുദർശന ചക്രത്താല്‍ ഭഗവാന്‍ കൃഷ്ണന്‍റെ കൈ മുറി‍ഞ്ഞപ്പോള്‍ ദ്രൗപതി തന്‍റെ സാരി കീറി കെട്ടി, ദ്രൗപതിയെ സംരക്ഷിക്കുമെന്ന് കൃഷ്ണൻ വാഗ്ദാനം ചെയ്തു,  കൗരവർ വസ്ത്രാക്ഷേപത്തിന് ശ്രമിച്ചപ്പോൾ സംരക്ഷിച്ചു. രക്ത ബന്ധത്തിനപ്പുറം ഇന്ന് സഹോദര സ്ഥാനത്തുള്ളവര്‍ക്കെല്ലാം രക്ഷാബന്ധന്‍ ദിനത്തില്‍  ആഘോഷപൂര്‍വം രാഖി കെട്ടുന്നു, ജാതി മത ഭേദങ്ങളില്ലാതെ സാഹോദര്യം വളരുന്നു. 

ENGLISH SUMMARY:

North India celebrates Raksha Bandhan with a message of brotherhood