Image Credit ; Facebook

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുവാക്കളെ ആയോധനകലയായ ജു ജിത്സു പരിശീലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദേശീയ കായിക ദിനത്തിൽ രാഹുൽ ​ഗാന്ധി തന്നെയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടത്.

ഏത് കായിക ഇനമായാലും, അത് പരിശീലിക്കുന്നത് മാനസികമായും ശാരീരികമായും നമ്മളെ ശക്തരാക്കുമെന്ന് രാഹുൽ പറഞ്ഞു. എട്ട് മിനിറ്റിൽ അധികമുള്ള വിഡിയോയാണ് രാഹുൽ ​ഗാന്ധി പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ, എല്ലാ വൈകുന്നേരവും ക്യാമ്പ് സൈറ്റിൽ ജു ജിത്സു പരിശീലിക്കുന്ന ദൈനംദിന ദിനചര്യ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ലളിതമായ ഒന്നായാണ് ഇത് ആരംഭിച്ചതെങ്കിലും, സഹയാത്രികരെയും ആയോധനകല വിദ്യാർഥികളെയും ഒരുമിച്ച് കൊണ്ടുവന്ന് മികച്ച രീതിയിൽ പരിശീലനം നടത്താൻ സാധിച്ചിട്ടുണ്ട്. - അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കളിൽ സ്വയം പ്രതിരോധം, ശക്തി, ശ്രദ്ധ, അഹിംസ എന്നിവ വളർത്തിയെടുക്കാൻ ഈ ആയോധനകലയുടെ അഭ്യാസത്തിലൂടെ ശ്രമിച്ചുവെന്ന് എക്‌സിൽ പങ്കുവെച്ച വിഡിയോയിൽ രാഹുൽ കുറിച്ചു. യുവാക്കൾക്കിടയിലെ ഇത്തരം അഭ്യാസ പരിശീലനങ്ങൾ സുരക്ഷിതമായ ഒരു സമൂഹത്തിനെ വാർത്തെടുക്കുന്നതിനുള്ള ഉപകരണമായി മാറും. ഇതാണ് സ്‌പോർട്‌സിന്റെ സൗന്ദര്യം - ദേശീയ കായിക ദിനത്തിൽ എല്ലാവർക്കും ആശംസകൾ- അദ്ദേഹം എക്‌സിൽ കുറിച്ചു.

ENGLISH SUMMARY:

Rahul Gandhi shares video of jiu-jitsu training