' ഞങ്ങൾ വയനാടിന് പോകുന്നുണ്ട്, എല്ലാവരും പോകണം, വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരണം.' - ദുരന്തകാലത്തെ മറികടക്കുന്നതിന് വയനാടിന് ശക്തിപകരാന്‍ ആഹ്വാനം ചെയ്ത്  മന്ത്രി  പി.എ. മുഹമ്മദ് റിയാസ്.

അതേസമയം, വയനാട് ദുരന്തനിവാരണത്തിന്‍റെ  ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കില്‍ പൊരുത്തക്കേടെന്ന് ആക്ഷേപം. യഥാര്‍ഥത്തില്‍ ചെലവായതിന്‍റെ പതിന്മടങ്ങാണ് രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നണ് വിമര്‍ശനം. എന്നാല്‍ വയനാടിന്‍റെ പുനരധിവാസത്തിന് പ്രതീക്ഷിക്കുന്ന തുക വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കണക്കാണിതെന്നാണ് ദുരന്ത നിവാരണഅതോിറ്റിയുടെ വിശദീകരണം. 

വയനാട് ദുരന്തനിവാരണത്തിനായി ചെലവഴിച്ച തുകയെന്ന പേരില്‍ വരുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പുറത്തുവന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല. അധികസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവുകള്‍ കൂടി ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ചെലവഴിച്ച തുകയെന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

ഒരു മൃതദേഹത്തിന് 75000 രൂപ വച്ച് 359 മൃതദേഹം സംസ്കരിക്കാന്‍  2.76 കോടി രൂപ ചെലവിട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉപകരണങ്ങള്‍ ‌എത്തിക്കുന്നതിനും  ഗതാഗതസൗകര്യം ഒരുക്കുന്നതിനുമായി ചെലിട്ടത്  7 കോടി രൂപ‌. ഭക്ഷണത്തിന് 10കോടി  കോടി,ദുരിതാശ്വാസ ക്യാംപിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 7കോടി , ക്യാംപിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ച വകയില്‍ 11 കോടി, ബെയ് ലി പാലത്തിന് അടിയില്‍ കല്ല് നിരത്തിയതിന് 1 കോടി എന്നിങ്ങനെ പോകുന്നു ഇതുവരെയുള്ള ചെലവിന്‍റെ കണക്ക്. ചെലവായ തുകയുടെ കണക്ക് ഹൈക്കോടതിയിലും സമര്‍പ്പിച്ചിരുന്നു.  ഇതെല്ലാം പെരുപ്പിച്ച കണക്കല്ലേയെന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ചോദ്യം. 

മാനദണ്ഡം വച്ച് നോക്കിയാല്‍ കേന്ദ്രത്തില്‍ നിന്ന് ആകെ കിട്ടുക 219 കോടിയാണ്. പക്ഷെ യഥാര്‍ഥ നഷ്ടം 1600 കോടിയിലധികമാണ്.  ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തിയ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പ്രതീക്ഷിക്കുന്ന ചെലവിന്‍റെ കണക്ക് സമര്‍പ്പിച്ചതെന്നും അതിന്‍റെ പകര്‍പ്പാണ് ഹൈക്കോടതിയില്‍ കൊടുത്തതെന്നും ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പ്രതികരിച്ചു. തെറ്റായ പ്രചാരണങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാനേ വഴിവയ്ക്കുകയുള്ളുവെന്നും ശേഖര്‍ വ്യക്തമാക്കി.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഞങ്ങൾ വയനാട് പോകുന്നുണ്ട്.. 

നിങ്ങളെല്ലാവരും വയനാട് പോകണം. 

വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരണം. 

ചുരമൊന്ന് കയറാം. 

കോടമഞ്ഞിൻ്റെ തഴുകലിൽ 

ഒരു ചായ കുടിക്കാം. 

നമ്മുടെ വയനാടിനെ 

തിരിച്ചുപിടിക്കാം

ENGLISH SUMMARY:

P A Muhammad Riyas facebook post about wayanad tourism