TOPICS COVERED

സിനിമ കഥകളേയും വെല്ലുന്ന സംഭവങ്ങള്‍, അങ്ങനെ ചിലത് വാര്‍ത്തകളായി നാം വായിക്കാറുണ്ട്. പൊലീസുകാരേയും ധര്‍മസങ്കടത്തിലാക്കിയ ഒരു കിഡ്നാപ്പാണ് ജയ്​പൂരില്‍ സംഭവിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടുവയസുകാരന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിലേക്ക് തിരികെയെത്താന്‍ പൊട്ടിക്കരയുകയാണ് രണ്ടുവയസുകാരന്‍. കഴിഞ്ഞ 14 മാസമായി തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് പൃഥ്വി എന്ന കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ ബന്ധു കൂടിയാണ് തനൂജ് എന്ന യുവാവ്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ആണ് ഇയാള്‍. 

കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കും പൃഥ്വിക്കുമൊപ്പം ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു തനൂജിന്. എന്നാല്‍ പൂനം ഇതിന് വഴങ്ങിയില്ല. യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് 11 മാസം പ്രായമായ പൂനത്തിന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

പൊലീസ് തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി. വൃന്ദാവനത്തിലെ പരിക്രമ പാതയിൽ യമുനാ നദിക്ക് സമീപം  സന്യാസിയായിട്ടാണ് ചാഹര്‍ താമസിച്ചിരുന്നത്. പൊലീസ് നടപടികളെക്കുറിച്ച് അറിയാമായിരുന്നതിനാൽ ഒളിവിൽ കഴിയുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റി. ആരുമായും പരിചയം സ്ഥാപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അന്വേഷണത്തിനിടയില്‍ പ്രതിയുടെ തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

14 മാസത്തോളമാണ് പൃഥ്വി തനൂജിനൊപ്പം വസിച്ചത്.  എന്നാല്‍ തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ പെരുമാറി, വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. ഈ കാലയളവിനിടയില്‍ തനൂജും കുഞ്ഞും തമ്മില്‍ വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തു. 

ഈ സമയവും പൊലീസ് അന്വേഷണം തുടരുന്നുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലുടനീളം നടത്തിയ അന്വേഷണത്തിനും പരിശോധനകള്‍ക്കുമൊടുവില്‍  കഴിഞ്ഞ ഓഗസ്റ്റ് 27ന് തനൂജ് അലിഗഡിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു. കസ്റ്റഡിയിലെടുത്ത ജനൂജില്‍ നിന്നും കുട്ടിയെ എടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ യുവാവിനെ വിടാതെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു കുട്ടി. ഇതുകണ്ട് തനൂജും വികാരനിര്‍ഭരനായി. കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. 

ENGLISH SUMMARY:

A two-year-old boy hugged his abductor and cried because he was not ready to go with his mother