subhan-khan-rescue

TOPICS COVERED

ഹീറോ എപ്പോഴും മാസ് എന്‍ട്രി നടത്തണമെന്നില്ല. ചിലപ്പോഴൊക്കെ സാധാരണ ബുള്‍ഡോസര്‍ ഡ്രൈവറിന്‍റെ രൂപത്തിലും വരാം. അത്തരമൊരു ഹീറോയെ കണ്ട സന്തോഷത്തിലാണ് പ്രളയക്കെടുതിക്കിടയിലും തെലങ്കാനക്കാര്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് പോലും ഇറങ്ങാനാവാതിരുന്നിടത്തേക്ക് പ്രളയജലത്തിലൂടെ ബുള്‍ഡോസറോടിച്ചെത്തി 9 ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഹരിയാനക്കാരന്‍ സുബാന്‍ ഖാന്‍. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് സുബാന്‍ വെള്ളക്കെട്ടിലേക്ക് ഇറങ്ങിയത്. തെലങ്കാനയിലെ ഖമ്മത്തെ പ്രകാശ് നഗര്‍ പാലത്തില്‍ കുടുങ്ങിപ്പോയവരെയാണ് സുബാന്‍ ജീവിതത്തിലേക്ക് യന്ത്രക്കൈ കൊണ്ട് കോരിയെടുത്തത്.

നിന്ന നില്‍പ്പില്‍ പ്രളയജലം വന്ന് പാലത്തില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണിലൂടെ കുടുങ്ങിയവര്‍ അധികൃതര്‍ക്ക് സന്ദേശമയച്ചു. പക്ഷേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് പ്രദേശത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് അതിസാഹസിക ദൗത്യം സുബാന്‍ ഏറ്റെടുത്തത്. എല്ലാവരും വിലക്കി. എന്നാല്‍ മരിച്ചാല്‍ താനൊരാള്‍ അല്ലേ മരിക്കുകയുള്ളൂ, ജീവനോടെ തിരികെ എത്തിയാല്‍ ഒന്‍പത് ജീവന്‍ ഒപ്പമുണ്ടാകുമെന്നായിരുന്നു സുബാന്‍റെ മാസ് ഡയലോഗ്. അതുപോലെ തന്നെ ബുള്‍ഡോസറുമായി സുബാന്‍ പാലത്തിലേക്ക് പോയി. തിരികെ എത്തുമ്പോള്‍ ബുള്‍ഡോസറില്‍ പാലത്തില്‍ കുടുങ്ങിയ എല്ലാവരും ഉണ്ടായിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് സുബാനെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും വരവേറ്റത്. 

അച്ഛന്‍റെ ആ പോക്ക് കണ്ടിട്ട് വിറച്ച് പോയെന്നായിരുന്നു മകളുടെ പ്രതികരണം. പൊന്നാടയണിയിച്ചാണ് ജനക്കൂട്ടം സുബാനെ സ്വീകരിച്ചത്. ഫോണിലേക്ക് നിലയ്ക്കാത്ത അഭിനന്ദനപ്രവാഹവും. കെ.ടി.ആറുള്‍പ്പടെ സുബാനെ വിളിച്ച് അഭിനന്ദനമറിയിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുബാന്‍റെ വലിയ മനസിന് നന്ദി പറയുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ENGLISH SUMMARY:

Man drove bulldozer to flooded Telangana bridge to save lives, real life hero.