നടന്‍ അല്ലു അര്‍ജുന്‍റെ അറസ്റ്റ് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റേത് പബ്ലിസിറ്റി സ്റ്റണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റയില്‍വേമന്ത്രി റീല്‍ മന്ത്രിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ മറുപടിയുമെത്തി.
ദേശീയപുരസ്കാര ജേതാവും തെലുഗു നടനുമായ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാശിയാണോ?. ഇന്ത്യന്‍ സിനിമയുടെ മുഖമായ ഒരു താരം കുറച്ചുകൂടി പരിഗണന അര്‍ഹിച്ചിരുന്നുവെന്ന വാദം ശക്തമാണ്. തെലങ്കാന ഭരിക്കുന്ന കോണ്‍ഗ്രസിന്‍റെ പിടിപ്പുകേടാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ്. തെലങ്കാന സർക്കാരിന്റെ വീഴ്ച മറയ്‌ക്കാനാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി സമൂഹമാധ്യമത്തിലെഴുതി. മന്ത്രിയുടെ പോസ്റ്റിന് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു.
അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഡല്‍ഹിയിലായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്‍റെ പരിപാടിയില്‍ നടനെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത് മുന്‍കാല വൈരാഗ്യം ഉള്ളപോലെയെന്ന വ്യാഖ്യാനവും ശക്തമാണ്. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നാണ് രേവന്ത് റെഡ്ഡി ചോദിച്ചത്. അല്ലു അർജുനുവേണ്ടി പ്രതിഷേധിക്കുന്നവർ നിയമം ലംഘിച്ചാൽ അവരെയും അറസ്റ്റ് ചെയ്യുമെന്ന വെല്ലുവിളിയും മുഖ്യമന്ത്രി നടത്തി.
കലാലോകത്തോട് കോൺഗ്രസിന് ബഹുമാനമില്ലെന്ന് പറഞ്ഞ റയിൽമന്ത്രിയെ റീൽ മന്ത്രിയെന്ന് പരിഹസിച്ച് കോൺഗ്രസും രംഗത്തെത്തി (സുപ്രീയ ശ്രീനാറ്റെയുടെ ട്വീറ്റ്). പറഞ്ഞ വാക്കുകളുടെ മൂർച്ച മനസ്സിലാക്കിതുകൊണ്ടാണോ എന്ന് അറിയില്ല. ഇന്ന് രേവന്ത് റെഡ്ഡി പ്രതികരണമില്ലാതെ ഡൽഹിയിൽനിന്ന് മടങ്ങുകയും ചെയ്തു.