ചത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള ബാസ്തര്‍ മേഖല പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മാവോയിസ്റ്റുകള്‍ക്ക് ശിക്ഷ വിധിക്കുന്ന 'കംഗാരു' കോടതിയുണ്ട്. എന്നാല്‍ അത് മാത്രമല്ല, ദൈവങ്ങള്‍ക്ക് പോലും ശിക്ഷ വിധിക്കുന്ന ഒരു കോടതിയും വര്‍ഷത്തിലൊരിക്കല്‍ ഇവിടെ ചേരും. ദൈവങ്ങള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷ വിധിക്കുകയും ചെയ്യും.
ബാസ്തര്‍ മേഖലയില്‍ 70 ശതമാനത്തോളം ആദിവാസി വിഭാഗങ്ങളാണ്. ഐതീഹ്യങ്ങളിലും പഴങ്കഥകളിലും വിശ്വസിച്ച് പോകുന്ന കൂട്ടര്‍. ഗോണ്ട്, ഭുത്ര, ഹല്‍ബ, ധ്രുവ, മാരിയ എന്നീ ആദിവാസി വിഭാഗങ്ങള്‍ പുറംലോകം കേട്ടിട്ട് പോലുമില്ലാത്ത പല ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടര്‍ന്ന് പോരുന്നു. അതിലൊന്നാണ് ജന്‍ അദാലത്ത്. ജനങ്ങളുടെ കോടതി. ബാഡോ ജാത്ര ഫെസ്റ്റിവല്ലിന്റെ സമയം ഒരു ദേവി ക്ഷേത്രത്തിലാണ് ഈ കോടതി ചേരുന്നത്.
മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ സമയം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭങ്കാരം ദേവിയുടെ കീഴിലാവും വിചാരണ നടക്കുക. മൃഗങ്ങളും, പക്ഷികളും പലപ്പോഴും കോഴികള്‍ വരെയും ഇവിടെ സാക്ഷികളാവും. ഗ്രാമവാസികളാണ് പരാതിക്കാര്‍. കൃഷിയിലുണ്ടായ നഷ്ടം, അസുഖം മാറാത്തത് എന്നതുള്‍പ്പെടെ പ്രാര്‍ഥിച്ചിട്ട് പരിഹാരം ലഭിക്കാത്ത എല്ലാ പ്രശ്നങ്ങളും ഗ്രാമവാസികള്‍ ഇവിടെ പരാതിയായി കൊണ്ടുവരും.
ശിക്ഷിക്കപ്പെടുന്ന ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ക്ക് ക്ഷേത്രത്തിനുള്ളിലെ സ്ഥാനം നഷ്ടമാവും. ക്ഷേത്രത്തിന്റെ പുറംപോക്കിലേക്ക് ഈ പ്രതിഷ്ഠകള്‍ നീക്കും. ചിലപ്പോള്‍ ആജിവനാന്തത്തേക്കാവും ദൈവങ്ങള്‍ക്കുള്ള ശിക്ഷ. ദൈവങ്ങള്‍ തെറ്റ് തിരുത്തി, പ്രാര്‍ഥനകള്‍ക്ക് ഫലം നല്‍കിയാല്‍ അവര്‍ക്ക് തിരികെ ക്ഷേത്രത്തിനുള്ളില്‍ സ്ഥാനം ലഭിക്കും. 240 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇങ്ങനെ ദൈവങ്ങളെ വിചാരണ ചെയ്യുന്നത് കാണാനെത്തുമെന്നാണ് കണക്കാക്കുന്നത്.