സമൂഹമാധ്യമത്തില്‍ വൈറലാകാനായി എന്തും ചെയ്യാനൊരുക്കമുള്ളവര്‍ ധാരാളമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തി പാറക്കെട്ടുകള്‍ക്കു മുകളില്‍ തൂങ്ങിക്കിടക്കാനും ഓടുന്ന ട്രെയിനിന്‍റെ മുന്നില്‍ കയറി നില്‍ക്കാനും വരെ തയ്യാറാവുന്നവരുണ്ട്. ഇതിനെക്കാള്‍ കടുപ്പമാണ് ഉത്തര്‍പ്രദേശുകാരനായ ഒരു യുവാവ് ഇപ്പോള്‍ ചെയ്തുവച്ചിരിക്കുന്നത്.
കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാര്‍ എന്ന യുവാവ് സമൂഹമാധ്യമത്തില്‍ താന്‍ ശ്രദ്ധിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ‘ശവമായി’ കിടന്നത് നടുറോഡില്‍. വെള്ള പുതച്ച്, കഴുത്തില്‍ പൂമാല ചാര്‍ത്തി, മൂക്കില്‍ പഞ്ഞിയും വച്ചാണ് ഇരുപത്തിമൂന്നുകാരന്‍ റോഡില്‍ കിടന്നത്.
ഈ കാഴ്ച കണ്ട് കുറച്ചുപേര്‍ മുകേഷിനരികിലെത്തി, പിന്നാലെ ഇയാള്‍ ചാടി എഴുന്നേറ്റ് മൂക്കിലെ പഞ്ഞി മാറ്റി ചിരിക്കുന്നത് വിഡിയോയില്‍ കാണാം.
ഈ ‘റീല്‍സ് സ്റ്റാറി’നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന കുറിപ്പിനൊപ്പം എക്സില്‍ സംഭവത്തിന്‍റെ വിഡിയോ ഒരാള്‍ പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തില്‍ ഇത്തരത്തില്‍ പലതും കാണിച്ചുകൂട്ടി വൈറലാകാന്‍ ശ്രമിക്കുന്നവരുടെ തിരക്കാണ്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മുകേഷ് ചെയ്തത് അങ്ങേയറ്റം കടന്ന കയ്യായിപ്പോയി എന്ന് എ.എസ്.പി രാജേഷ് ഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓടിക്കൂടിയ ആളുകള്‍ ആദ്യം കരുതിയത് ആരോ മരിച്ചുകിടക്കുന്നുവെന്നാണ്. ഇയാള്‍ ചാടി എണീറ്റപ്പോള്‍ തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് ഇവര്‍ക്ക് മനസ്സിലായി. ഇവരില്‍ ഒരാളാണ് വിവരം പൊലീസില്‍ കൈമാറിയതെന്നും എ.എസ്.പി വ്യക്തമാക്കി