18ാം വയസില്‍ അകാലമൃത്യു സംഭവിച്ച മകന്റ സ്വപ്നം നിറവേറ്റാനായി റാംപില്‍ നടന്ന് അച്ഛന്‍. മകനുവേണ്ടിയുള്ള അച്ഛന്റെ നടത്തം ഒരേസമയം പ്രചോദനവും ഹൃദയഭേദകവുമായിരുന്നുവെന്ന് കാണികള്‍ പറയുന്നു. നവീന്‍ കാംബോജ് എന്ന പിതാവാണ് ഹോളി ദിനത്തില്‍ ഉണ്ടായ റോഡ് അപകടത്തില്‍ മരിച്ച മകനുവേണ്ടി റാംപിലെത്തിയത്. മകന്റെ സ്വപ്നമായിരുന്നു മോഡലായുള്ള ഈ റാംപ് നടത്തം. അവന് മോഡലായി റാംപിലെത്താന്‍ പറ്റിയില്ല, പക്ഷേ മകന്റെ ആഗ്രഹം അച്ഛന്‍ നിറവേറ്റി. അതിനായി അച്ഛന്‍ കഠിനാധ്വാനത്തിലൂടെ ഭാരം കുറച്ചു, ബോഡി ഫിറ്റ് ആക്കിനിര്‍ത്തി, ഒടുവില്‍ മകനുള്ള ആദരവായി റാംപിലെ ചുവട്.
കണ്ടു നിന്നവരെയെല്ലാം കണ്ണീരണിയിപ്പിച്ച ചുവടുകളായിരുന്നു നവീന്‍ കാംബോജിന്റേത്. സന്തോഷവും വേദനയും നിറഞ്ഞ കാഴ്ച. ഫിറ്റ്നസും, ശൈലിയും, ശരീരഭാഷയുമുള്‍പ്പെടെ വിലയിരുത്തപ്പെടുന്ന റാംപില്‍ വിലയിരുത്തിയത് അച്ഛന്‍ മകന്‍ ബന്ധത്തിന്റെ സ്നേഹഭാഷ മാത്രമായിരുന്നു. ആത്മവിശ്വാസത്തോടെ മകനെ മനസില്‍ കണ്ട് ആ അച്ഛന്റെ നടത്തം . അതേവരെയും ആകര്‍ഷിപ്പിക്കുന്നതായിരുന്നു.
ഇത് നഷ്ടത്തിന്റേയും വേദനയുടേയും സമര്‍പ്പണത്തിന്റെയും ധൈര്യത്തിന്റേയും കഥയാണ് എന്നാണ് എക്സില്‍ ഷെയര്‍ ചെയ്ത വിഡിയോയ്ക്ക് നല്‍കിയ കാപ്ഷന്‍. നവീന്‍ കാംബോജിനെ വാരിപ്പുണരുകയാണ് സോഷ്യല്‍മീഡിയയും. ഈ അച്ഛന് ബിഗ് സല്യൂട്ട് എന്നും ഈ അച്ഛന്‍ മകന്‍ സ്നേഹം കണ്ണുനിറച്ചെന്നും കുറിക്കുന്നു സൈബറിടം.