തിരുവോണം കഴിഞ്ഞു മടങ്ങുന്ന മാവേലി റൂട്ട് അല്‍പം മാറ്റിപിടിച്ച് ബെംഗളുരുവിലേക്കു വന്നാല്‍ എങ്ങനെയുണ്ടാകും. മാവേലിയെ കണ്ടു ഇതര സംസ്ഥാനക്കാര്‍ ദൈവമാണെന്നു പോലും തെറ്റിദ്ധരിച്ചു. ബെംഗളുരുവിലെ പ്രധാന കേന്ദ്രങ്ങളിലൂടെ മാവേലിയുടെ സഞ്ചാരം ഉള്‍പ്പെടുത്തിയ ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
കേരളത്തിലെ ആഘോഷം കഴിഞ്ഞിറങ്ങിയ മാവേലി അല്‍പസ്വല്‍പം ചുള്ളനായി. കുടവയര്‍ കുറഞ്ഞു. പിന്നെ നല്ല കട്ടത്താടി. ബെംഗളുരു കറങ്ങാനെത്തിയ മാവേലിക്കാകെ യൂത്തന്‍ പരിവേഷം. നഗരത്തിന്റെ പുതിയ കാലത്തെ ടൂറിസം സാധ്യതകള്‍ മലയാളികളെ ബോധ്യപെടുത്തുക ലക്ഷ്യമിട്ടാണു ഓണപ്പാട്ട്. വിധാന സൗധ, കബ്ബണ്‍ പാര്‍ക്ക്, കോറമംഗല, ബി.ടി.എം ലേക്ക് തുടങ്ങി നഗരത്തിന്റെ ഐക്കണുകളായ സ്ഥലങ്ങളിെലല്ലാം മാവേലിയെത്തുന്നു.
കേരളീയ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും അനുഗമിക്കുന്ന യാത്രയില്‍ മലയാളി കുട്ടികള്‍ പഠിക്കുന്ന കോളേജിലെ ഓണാഘോഷം കണ്ട് അമ്പരക്കുന്നുണ്ട് മാവേലി. പിറകെ പബില്ലും മാളിലുമെത്തുന്നു. പാട്ടുപാടി ഡാന്‍സ് ചെയ്താണു മാവേലിയെ പമ്പിലുള്ളവര്‍ സ്വീകരിക്കുന്നത്.
രണ്ടു സംസ്കാരങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും പാട്ടിന്നു പിന്നിലുണ്ട്. ഗണേശോല്‍സവും മാവേലിക്കു പുതുമ തന്നെ. കോഴിക്കോട് സ്വദേശി നയന നായരുടെ വരികള്‍ക്ക് സംതസറാണു ശബ്ദം നല്‍കിയത്. സ്വലാഹ് റഹ്മാന്റെ സംവിധാനത്തിലിറങ്ങിയ പാട്ട് ബെംഗളുരു കേന്ദ്രമാക്കിയുള്ള മലയാളി വ്ലോഗറുടെ അക്കൗണ്ടു വഴിയാണു പുറത്തിറക്കിയത്.