delhi-mumbai-expressway

നിര്‍മാണം നടക്കുന്ന റോഡിലെ വന്‍കുഴിക്ക് മെയിന്‍റനന്‍സ്  മാനേജര്‍ നല്‍കിയ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ദേശീയപാത അതോരിറ്റി. റോഡിലെ കുഴി എലി തുരന്നതാണെന്നാണ് മാനേജര്‍ വിശദീകരിച്ചത്. ഡല്‍ഹി– മുംബൈ എക്സ്പ്രസ്‌വേ പ്രോജക്ടിലാണ് സംഭവം. 

കെ.സി.സി ബില്‍ഡ്കോണ്‍ എന്ന കമ്പനിയെയാണ് ദേശീയപാത അതോരിറ്റി റോഡ് നിര്‍മാണത്തിന് ഏല്‍പ്പിച്ചത്. ജൂണിയറായ ഒരാളെയാണ് കമ്പനി മെയിന്‍റനന്‍സ് മാനേജരായി ചുമതലപ്പെടുത്തിയത്. റോഡ് പണിയില്‍ ഗുരുതര പ്രശ്നം കണ്ടെത്തിയതോടെ ദേശീയപാത അതോരിറ്റി കമ്പനിയോട് വിശദീകരണം തേടി. ഇതിനു മറുപടിയായി മെയിന്‍റനന്‍സ് മാനേജരെ പിരിച്ചുവിട്ടു എന്ന കത്താണ് കമ്പനി അയച്ചത്.

സാങ്കേതിക അറിവൊന്നും ഇല്ലാത്തയാളായിരുന്നു അത്. ആ തൊഴിലാളി മെയിന്‍റനന്‍സ് മാനേജരല്ലായിരുന്നു എന്നും കമ്പനി വിശദീകരണ കത്തില്‍ വ്യക്തമാക്കി. റോഡുപണിയിലെ അപാകത ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് മെയിന്‍റനന്‍സ് മാനേജരെന്നു പറഞ്ഞെത്തിയ വ്യക്തി ‘ആ ഗര്‍ത്തം ഒരുപക്ഷേ എലി തുരന്നതാകാം, അവര്‍ക്ക് വെള്ളം എത്തിക്കാനാകും’ എന്ന വിശദീകരണവുമായെത്തിയത്. 

വെള്ളം ലീക്കായതാണ് റോഡ് തകരാന്‍ കാരണമായെതെന്ന് പിന്നീട് പ്രോജക്ട് ഡയറക്ടര്‍ ബാല്‍വീര്‍ യാദവ് വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍ പ്രദേശം ബാരിക്കേടുകള്‍ കൊണ്ടു മറച്ച് കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ റോഡ് ശരിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

1386 കിലോമീറ്റര്‍ നീളത്തിലാണ് ഡല്‍ഹി– മുംബൈ എക്സ്പ്രസ്‌വേയുടെ പണി. രാജ്യത്തെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ്‌വേ കൂടിയാണിത്. രണ്ടു സിറ്റികള്‍ തമ്മില്‍ 24 മണിക്കൂര്‍ എടുത്ത് യാത്ര ചെയ്യേണ്ടിടത്ത് 12 മുതല്‍ 13 മണിക്കൂറായി യാത്രസമയം കുറയ്ക്കാം എന്നതാണ് എക്സ്പ്രസ്‌വേയുടെ ഗുണം. എണ്‍പത് ശതമാനത്തോളം പണി പൂര്‍ത്തിയായതായാണ് വിവരം.

ENGLISH SUMMARY: