classmates

TOPICS COVERED

പഴയ സഹപാഠികളുടെ ഒത്തുചേരലുകള്‍ ഇപ്പോള്‍ ട്രെന്‍ഡാണല്ലോ. രാജ്യത്തെ സേനാ തലപ്പത്തും അപൂര്‍വമായ ഒരു ഒത്തുചേരലിന് കളമൊരുങ്ങുകയാണ്. പക്ഷേ തീര്‍ത്തും ഔദ്യോഗികമാണ് ഈ അപൂര്‍വത.

 

ഒരുമിച്ച് പഠിച്ചവര്‍ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും തലപ്പത്തെത്തുക. നിയുക്ത വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി.സിങ് ചുമതലയേല്‍ക്കുന്നതോടെ മൂന്ന് സേനകളുടെയും തലപ്പത്ത് സഹപാഠികളുടെ ഒത്തുചേരലിനാണ് കളമൊരുങ്ങുന്നത്. 

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നിയുക്ത വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി.സിങ്ങും 1983ലെ പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഒരുമിച്ച് പഠിച്ചവരാണ്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവിസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ.ത്രിപാഠിയും മധ്യപ്രദേശിലെ രേവാ സൈനിക് സ്കൂളിലും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 30നാണ് അഡ്മിറല്‍ ദിനേശ് കെ.ത്രിപാഠി നാവികസേനാ മേധാവിയായി ചുമതലയേറ്റത്. 

ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായത് ജൂണ്‍ 30നും. നിയുക്ത വ്യോമസേനാ മേധാവി എ.പി.സിങ് ഈമാസം മുപ്പതാം തീയതി ചുമതലയേല്‍ക്കും. വര്‍ഷങ്ങളുടെ പരിചയമുള്ള മൂവരും അടുത്ത സുഹൃത്തുക്കളുമാണ്. മൂന്ന് സായുധസേനകളെയും ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരുന്ന തിയറ്റര്‍ കമാന്‍ഡ് രാജ്യത്ത് ഇതുവരെ നടപ്പിലായിട്ടില്ല.

സഹപാഠികള്‍ സേനാ തലപ്പത്തുള്ളപ്പോള്‍ തിയറ്റര്‍ കമാന്‍ഡ് സാധ്യമാകുമോ എന്നാണ് ആകാംക്ഷ. കര, നാവിക, വ്യോമസേനകളെ ഏകോപിപ്പിച്ച് യുദ്ധസാഹചര്യങ്ങളില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് തിയറ്റര്‍ കമാന്‍ഡിന്‍റെ ചുമതല. 

ENGLISH SUMMARY:

Gathering of Army-Navy-Air Force Chiefs-Classmates