fake-currency

ഒന്നരക്കോടിയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പുകാര്‍ കൈക്കലാക്കിയത് രണ്ട് കിലോ സ്വര്‍ണം. അഹമ്മദാബാദിലെ സ്വര്‍ണവ്യാപാരിക്കാണ് ബിസിനസില്‍ വന്‍ നഷ്ടം സംഭവിച്ചത്. സെപ്റ്റംബര്‍ 23ന് സ്വര്‍ണം, വെള്ളി വ്യാപാരം നടത്തുന്ന മെഹുല്‍ താക്കൂറിനൊരു ഫോണ്‍ കോള്‍ വന്നിടത്തു നിന്നാണ്  തട്ടിപ്പിന്റെ തുടക്കം. വിളിച്ചത് താക്കൂറിന്റെ പരിചയക്കാരനായ ലക്ഷ്മി ജ്വല്ലറി മാനേജര്‍ ആണ്. മാനേജറുടെ പരിചയക്കാര്‍ക്ക്  രണ്ട് കിലോ സ്വര്‍ണം വേണം എന്നതായിരുന്നു ആവശ്യം. ടീമിനെ ജ്വല്ലറിയിലേക്ക് വിടാന്‍ പറഞ്ഞ് താക്കൂര്‍ ബിസിനസ് ഉറപ്പിക്കാന്‍ തയ്യാറായി. 

പിറ്റേദിവസം മാനേജറുടെ അടുത്ത ഫോണ്‍ കോള്‍ എത്തി. തന്നെ സമീപിച്ചവര്‍ക്ക് സ്വര്‍ണം പെട്ടെന്നുതന്നെ വേണമെന്നും എന്നാല്‍ ചിലസാങ്കേതിക പ്രശ്നങ്ങള്‍ കാരണം മുഴുവന്‍ തുക അപ്പോള്‍ കൈമാറാനാവില്ലെന്നും മാനേജര്‍ പറഞ്ഞു. സെക്യൂരിറ്റി അമൗണ്ട് ,വില്‍പന സമയത്തു തന്നെ നല്‍കുമെന്നും ഉറപ്പിച്ചു. ഡീല്‍ ഉറപ്പിച്ച് താക്കൂറും. 

നവ്റന്‍പുര മേഖലയില്‍ വച്ചാണ് സ്വര്‍ണം കൈമാറിയത്. താക്കൂറിന്റെ ഒരു ജ്വല്ലറി ജീവനക്കാരനെ വിട്ടാണ് സ്വര്‍ണം കൈമാറിയത്.  മറ്റു മൂന്നുപേരും കച്ചവടസ്ഥലത്തുണ്ടായിരുന്നു.  പണമെണ്ണുന്ന മെഷീനും അതിലൊരാളുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം കൈമാറിയതിനു പിന്നാലെ താക്കൂറിന്റെ ജീവനക്കാര്‍ പണം പരിശോധിച്ചപ്പോള്‍ വല്ലാത്തൊരു വശപ്പിശക് കണ്ടു. ഗാന്ധിജിക്ക് അത്രക്കങ്ങട് ലുക്ക് പോര. തിരിച്ചും മറിച്ചും നോക്കി, അതെ ഗാന്ധിജിയുടെ മുഖത്തിനു ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ഒരു ഛായ. വെറും ഛായയല്ല അത് അനുംപം ഖേര്‍ തന്നെ.  നെഞ്ചിടിപ്പ് കൂടി കണ്ണും തള്ളി നിന്ന ജീവനക്കാര്‍ ഒന്നുകൂടി നോക്കിയപ്പോള്‍ സ്റ്റാംപില്‍ ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ക്കും പകരം ‘സ്റ്റാര്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നായിരുന്നു അച്ചടിച്ചത്. റിസര്‍വ് ബാങ്കിനു പകരം റിസോള്‍ ബാങ്ക് എന്നു നോട്ടിനു മുകളില്‍ കണ്ടു. അതേത് ബാങ്ക് എന്നു ചിന്തിക്കും മുന്‍പേ മൂന്നുപേരും സ്ഥലത്തു നിന്നും മുങ്ങിയിരുന്നു. 

സംഭവമറിഞ്ഞ് മെഹുല്‍ താക്കൂറും ലക്ഷ്മി ജ്വല്ലറി മാനേജരും പണമിടപാട് മേഖലയിലേക്ക് പറന്നെത്തി. തട്ടിപ്പുകാരുടെ പൊടി പോലും പിന്നെ കണ്ടില്ല. അഞ്ഞൂറിന്റെ 26 കെട്ടുകളാണ് തട്ടിപ്പുകാര്‍ കൈമാറിയത്. ബാക്കി 30 ലക്ഷം ഇപ്പോള്‍ കൊണ്ടുവരാം എന്നുപറഞ്ഞാണ് തട്ടിപ്പുകാര്‍ മുങ്ങിയത്.  ബന്ധപ്പെട്ട നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ ഓഫായിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട താക്കൂര്‍ അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

സംഭവമറിഞ്ഞ ബോളിവുഡ് നടന്‍ അനുപംഖേറും ഞെട്ടിയിരിക്കുകയാണ്. മഹാത്മാ ഗാന്ധിക്കു പകരം ഞാനോ? ഈ നാട്ടില്‍ എന്തും സംഭവിക്കാം..എന്നായിരുന്നു സംഭവമറിഞ്ഞ ശേഷം എക്സില്‍  അനുപം ഖേറിന്റെ പ്രതികരണം. 

Two kilos of gold were taken by the fraudsters by paying fake notes of one and a half crores:

Two kilos of gold were taken by the fraudsters by paying fake notes of one and a half crores. A gold merchant in Ahmedabad suffered a huge loss in business.