ഡല്‍ഹിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വഴക്കിന് പിന്നാലെയുണ്ടായ വെടിവയ്പ്പില്‍ യുവാവിന് അദ്ഭുത രക്ഷ. ലക്ഷ്യം വച്ചു വന്ന ബുള്ളറ്റിനെ തടഞ്ഞു നിര്‍ത്തിയത് യുവാവിന്‍റെ പാന്‍റ്സിന്‍റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍. ഒക്‌ടോബർ 13ന് ഡൽഹിയിലാണ് സംഭവം.
പഞ്ചാബി ബാഗ് ഏരിയയിലെ രണ്ടു കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ സംഘര്‍ഷം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന ദിവസം ശാന്തി എന്ന യുവതി മക്കളായ അര്‍ജുന്‍, കമല്‍, ഭാര്യാസഹോദന്‍ ജിതേന്ദര്‍ എന്നിവവര്‍ ചേര്‍ന്ന് പ്രശ്നം പറഞ്ഞു തീര്‍ക്കാനായി രായ സത്നാം എന്നയാളുടെ വീട്ടിലെത്തുകയായിരുന്നു.
എന്നാല്‍ ചര്‍ച്ചക്കിടെ പ്രശ്നം വഷളായി. കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. പിന്നാലെ രായ സത്നാം, സാഹില്‍, നസീബ്, ഋതിക് എന്നിവര്‍ ചേര്‍ന്ന് ഇവരെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന നാടന്‍ തോക്കെടുത്ത് അര്‍ജുന്‍ ഋതികിന് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ പാഞ്ഞെത്തിയ ബുള്ളറ്റ് ഋതികിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈലിലാണ് തറച്ചത്. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരുക്കുകള്‍ ഒഴിച്ചാല്‍ ഋതിക്കിന് മറ്റുപരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് ഇരുകുടുംബങ്ങള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.