ബോളിവുഡിലെ പ്രബല സിനിമാ നിര്‍മാണക്കമ്പനിയായ കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷനില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനാവാല ആയിരം കോടി രൂപ നിക്ഷേപിക്കും. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെയും ധര്‍മാറ്റിക് എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനിയുടെയും 50 ശതമാനം ഓഹരികള്‍ അദാര്‍ പൂനാവാലയുടെ ഉടമസ്ഥതയിലുള്ള സെറീന്‍ പ്രൊഡക്ഷന്‍സ് ഏറ്റെടുക്കും. കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയര്‍മാനായി കരണ്‍ ജോഹര്‍ തുടരും. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ നേതൃത്വം തുടര്‍ന്നും കരണിനായിരിക്കും. അപൂര്‍വ മേഹ്ത ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും തുടരും.
വിനോദവ്യവസായത്തിന്‍റെ ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ മുഖ്യലക്ഷ്യമെന്ന് കരണ്‍ ജോഹറും അദാര്‍ പൂനാവാലയും അറിയിച്ചും. സിനിമാവ്യവസായത്തില്‍ ധര്‍മ പ്രൊഡക്ഷന്‍സിനുള്ള കരുത്തും പാരമ്പര്യവും അദാറിന്‍റെ ബിസിനസ് ബുദ്ധിയും വിഭവശേഷിയും ഒന്നിക്കുമ്പോള്‍ അല്‍ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് ഇരുകമ്പനികളുടെയും പ്രതീക്ഷ. നിര്‍മാണം, വിതരണം, പ്രേക്ഷകരുമായുള്ള ഇടപെടല്‍ എന്നിവയിലെല്ലാം കൂട്ടുകെട്ട് ശ്രദ്ധ പുലര്‍ത്തും. പുതിയ സാങ്കേതിക വിദ്യകളും നിര്‍മാണ രീതികളും അവലംബിക്കാനും ആലോചനയുണ്ട്.
1979ല്‍ കരണ്‍ ജോഹറിന്‍റെ പിതാവ് യഷ് ജോഹറാണ് ധര്‍മ പ്രൊഡക്ഷന്‍സ് തുടങ്ങിയത്. 1980ല്‍ അമിതാഭ് ബച്ചന്‍ നായകനായെത്തിയ ‘ദോസ്താന’യാണ് ആദ്യചിത്രം. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ ഹിറ്റ് സിനിമകള്‍ നിര്‍മിച്ചു. 1990ല്‍ അമിതാഭ് ബച്ചന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘അഗ്നിപഥ്’ ധര്‍മയുടെ പ്രൊഡക്ഷനാണ്. ‘കുച്ച് കുച്ച് ഹോത്താ ഹെ’, ‘കഭീ ഖുശി, കഭീ ഗം’, ‘കല്‍ ഹോ നാ ഹോ’, ‘കഭീ അല്‍വിദാ നാ കെഹ്നാ’, ‘ദോസ്താന’ തുടങ്ങി ഷാരുഖ് ഖാന്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ തലവര മാറ്റിയ ചിത്രങ്ങള്‍ കരണ്‍ ജോഹറും ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് പ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ചു.
ലോകത്തെ ഏറ്റവും വലിയ വാക്സീന്‍ നിര്‍മാതാക്കളിലൊരാളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉടമയാണ് സൈറസ് പൂനാവാല. കോവിഡ് വാക്സിന്‍ നിര്‍മാണവും വിതരണവും സൈറസിനെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്നിലെത്തിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാലയുടെ മകനാണ്.