‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം’, ‘സ്ത്രീയാണ് ധനം’ എന്നൊക്കെ വീമ്പുപറയുമ്പോഴും ഈ സ്ത്രീധനം എന്ന ഏര്‍പ്പാടില്‍ എന്ത് മാറ്റമാണ് വന്നത്? വാങ്ങുന്നതും കൊടുക്കുന്നതുമായ തുകയിലും ‘സമ്മാനങ്ങളിലും’ കൂടുതലെന്തെങ്കിലും ഉണ്ടായി എന്നതുമാത്രമാണ് ഏറ്റവും വലിയ മാറ്റമെന്ന് തെളിവടക്കം വെളിപ്പെടുകയാണ്.
പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം, സ്വന്തം കാലില്‍ നിന്നതിനു ശേഷം മതി വിവാഹമെന്ന പുരോഗമനചിന്തകളിലും ഒളിഞ്ഞിരിക്കുന്ന കപടത സമൂഹമധ്യത്തില്‍ അഴിഞ്ഞുവീഴുകയാണ്. ഹൈദരാബാദിലെ എയിംസില്‍ ജോലി ചെയ്യുന്ന, ഉയര്‍ന്ന റാങ്കോടുകൂടി പാസായ ഒരു ഡോക്ടര്‍ തന്‍റെ ഭാവി വധുവിനോട് ചോദിച്ചത് 50 കോടി സ്ത്രീധനം.
യൂറോളജിസ്റ്റായ ഡോക്ടര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് അനസ്തേഷ്യ സ്പെഷ്യലിസ്റ്റിനെയാണ്. വിദ്യാഭ്യാസത്തിന്‍റെയും സാമൂഹിക നിലവാരത്തിന്‍റെയും പണത്തിന്‍റെയുമെല്ലാം കാര്യത്തില്‍ തുല്യര്‍. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീ പുരുഷന് ധനം നല്‍കേണ്ട അവസ്ഥ.
സംഭവത്തെക്കുറിച്ച് പ്രതിശ്രൂതവധുവിന്‍റെ സുഹൃത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചതോടെ വിവരം വലിയ ചര്‍ച്ചയിലേക്ക് വഴിമാറി. ‘എയിംസില്‍ നിന്ന് ഒന്നാം റാങ്കോടെ യൂറോളജിസ്റ്റായി പാസായ ഡോക്ടര്‍. വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം? റാങ്കും നിലവാരവുമുണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണിയില്ലാതായിപ്പോയല്ലോ. ഒരു ഡോക്ടറെ തന്നെ വിവാഹം കഴിക്കാനാണ് 50 കോടി സ്ത്രീധനം ചോദിച്ചതെന്നോര്‍ക്കണം. നാണമുണ്ടോ?’ എന്നാണ് എക്സില്‍ ഡോക്ടര്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
അനസ്തേഷ്യയില്‍ എം.ഡിയെടുത്തയാളാണ് പ്രതിശ്രൂത വധു. ഇവരുടെ മാതാപിതാക്കള്‍ സ്ത്രീധനത്തുക എങ്ങനെയും സ്വരൂപിക്കാനുള്ള ഓട്ടപ്പാച്ചിലില്‍ ആണെന്നും യുവതി പറയുന്നു. തെലുങ്ക് വിവാഹാചാരങ്ങളില്‍ സ്ത്രീധനം ഒഴിവാക്കാനാകാത്ത ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. മാതാപിതാക്കളുടെ റിട്ടയര്‍മെന്‍റ് തുക മുഴുവനും പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ മാറ്റി വയ്ക്കുകയാണ്. എന്നാല്‍ അവര്‍ സുരക്ഷിതരാണോ, അവരുടെ ഭാവി എന്താകും എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നും കുറിപ്പിലുണ്ട്.
എത്ര തന്നെ വിദ്യാസമ്പന്നരെന്ന് വാദിച്ചാലും സ്ത്രീധനത്തിന്‍റെ കാര്യം വരുമ്പോള്‍ പുരോഗമനചിന്താകള്‍ മിക്കവരും മറക്കും. കാലം 2024 ആയി, ഇനിയെങ്കിലും ഒരു മാറ്റം വേണ്ടേ എന്നാണ് ഭൂരിഭാഗം പേരും കുറിപ്പില്‍ കമന്‍റുമായി എത്തുന്നത്.