ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളിലൊന്നായി മാറിയിരിക്കുകയാണ് യമുന. മാലിന്യത്തില്‍ നുരഞ്ഞ് പതഞ്ഞാണ് നദിയുടെ ഒഴുക്ക്. കാഴ്ചയിൽ തന്നെ ഭയമുളവാക്കുന്നരീതിയിലാണ് മാലിന്യം നദിയിലൂടെ ഒഴുകുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ നൂറുകണക്കിന് ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും യമുനയിലേക്കാണെത്തുന്നത്. മാത്രമല്ല ഒട്ടേറെ ഡ്രൈനേജുകള്‍ തുറന്നിരിക്കുന്നതും നദിയിലേക്ക് തന്നെ. ഇതിനെതുടർന്ന് വെള്ളം ഇപ്പോൾ കറുത്ത നിറത്തിലാണ്. നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചർമ്മ രോഗങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിനിടയിലും യമുന നദിയിലെ മാലിന്യത്തിലും പതയിലും ഒട്ടേറെപേരാണ് ഇറങ്ങുന്നത്. വൈറലായ ഒരു വിഡിയോയില്‍ മുട്ടോളം വെള്ളത്തില്‍ ഒട്ടേറെ സ്ത്രീകള്‍ നില്‍ക്കുന്നതും ഒരു സ്ത്രി നദിയിലെ പതയില്‍ തലമുടി കഴുകുന്നതും കാണാം. മറ്റൊരു വിഡിയോയില്‍ സ്ത്രികള്‍ നദീ ജലം പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്നതും കാണാം.
‘ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. പത, ഷാംപൂ ആണെന്ന് കരുതി ഈ ആന്‍റി മുടി കഴുകുന്നത് എങ്ങനെയെന്ന് നോക്ക് എന്ന അടിക്കുറിപ്പോടെയാണ് ഒരു വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. യമുന നദിയിൽ കട്ടിയുള്ള വിഷ പതയില്‍ മുടി കഴുകുന്ന സ്ത്രീകൾ. ഇത് ദൈവത്തിന്‍റെ അത്ഭുതമാണെന്ന് ആരും വിശ്വസിക്കാൻ തുടങ്ങിയില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വിഡിയോയില്‍ പറയുന്നു.