ഉത്തര്‍പ്രദേശില്‍ ബിജെപി എംപി സംഘടിപ്പിച്ച ഐക്യവിരുന്നില്‍ മട്ടന്‍കഷ്ണം കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. മിര്‍സാപൂര്‍ എംപി വിനോദ് ബിന്ദ് സംഘടിപ്പിച്ച വിരുന്നിലാണ് മട്ടന്‍ കറിയില്‍ ചാറ് മാത്രമെന്ന പരാതി വന്‍ അടിയായി മാറിയത്. മജുവാന്‍ മണ്ഡലത്തിലാണ് ഐക്യവിരുന്ന് സംഘടിപ്പിച്ചത്.
മജുവാനിലെ സമീപഗ്രാമങ്ങളില്‍ നിന്നായി 250ഓളം ആളുകളാണ് വിരുന്നില്‍ പങ്കെടുത്തത്. എംപിയുടെ ഡ്രൈവറുടെ സഹോദരന്‍ മട്ടന്‍കറി വിളമ്പിയിടത്തു നിന്നാണ് കൂട്ടത്തല്ലിനു തിരിതെളിഞ്ഞത്. ഒരാള്‍ക്ക് ഗ്രേവി മാത്രമേ കിട്ടിയുള്ളൂവെന്നും കഷ്ണം വേണമെന്നും ആവശ്യപ്പെട്ട് തെറിവിളികള്‍ നടത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് മര്യാദയായി സംസാരിക്കണമെന്ന് ഡ്രൈവറുടെ സഹോദരന്‍ ആവശ്യപ്പെട്ടതോടെ രംഗം വഷളായി. ഐക്യവിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ തല്ലുവിരുന്നായി മാറി.
അതേസമയം എംപിയുടെ വിരുന്ന് അലങ്കോലമായതില്‍ വിഷമിച്ച ഗ്രാമവാസികള്‍ സ്വന്തം പ്ലേറ്റും കൊണ്ട് തല്ലുഗോദയില്‍ നിന്നും ഓടിമാറി. പിന്നാലെ കയ്യില്‍ കിട്ടിയ റൊട്ടിയും മട്ടന്‍കറിയും കഷ്ണവും കവറിലും കയ്യിലുമായി സ്ഥലംവിട്ടു. എന്നാല്‍ രംഗം ശാന്തമായ ശേഷം, വിരുന്നില്‍ പങ്കെടുത്ത അതിഥികളില്‍ പലരും സമാധാനത്തോടെ ശാപ്പാട് കഴിച്ചാണ് പോയെതെന്ന് എംപി ഓഫീസ് ഇന്‍ചാര്‍ജ് ഉമാശങ്കര്‍ ബിന്ദ് പറഞ്ഞു.