ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും ഐസക് ന്യൂട്ടണേയും അവരുടെ തിയറികളേയും പുസ്തകങ്ങളേയും കുറിച്ച് വാചാലനാകുന്ന ഒരു യുവാവ്. ജര്‍മനിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വമ്പന്‍ ടെക് കമ്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന യുവാവ് ഇപ്പോള്‍ ബെംഗളൂരു തെരുവുകളില്‍ ഭിക്ഷ യാചിച്ചു നടക്കുകയാണ്. കാമുകിയുടെ മരണവും, മാതാപിതാക്കളുടെ വേര്‍പാടും തന്നെ തനിച്ചാക്കി, ഞാന്‍ ഇങ്ങനെയായി പോയി എന്നാണ് യുവാവ് പറയുന്നത്.

ശരത് യുവരാജ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് യുവാവിന്‍റെ വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിഡിയോയിലുടനീളം ശാസ്ത്രത്തെയും ശാസ്ത്ര പുസ്തകങ്ങളെക്കുറിച്ചുമെല്ലാമാണ് അയാള്‍ സംസാരിക്കുന്നത്. ‘ഞാന്‍ ഒരു എന്‍ജിനിയറായിരുന്നു. മൈന്‍ഡ് ട്രീ, ഗ്ലോബല്‍ വില്ലേജിലാണ് ജോലി ചെയ്തിരുന്നത്’ എന്നാണ് സ്വയം യുവാവ് പരിചയപ്പെടുത്തുന്നത്.

ഒരു മുഷിഞ്ഞ ചുവന്ന ടീ ഷര്‍ട്ടാണ് യുവാവിന്‍റെ വേഷം. ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന കമ്പനി മൈസൂരു റോഡിലുള്ള സാത്വ ഗ്ലോബല്‍ സിറ്റിയാണ്. കാമുകിയുടെ മരണം തന്നെ വല്ലാതെ തളര്‍ത്തി, തന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചുവെന്നാണ് യുവാവ് പറയുന്നത്. മദ്യപാനം കൂടിയായപ്പോള്‍ എല്ലാം നശിച്ചു. മാതാപിതാക്കളും പോയി. ഇപ്പോള്‍ ഭക്ഷണത്തിനായി ബെംഗളൂരുവിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുകയാണ്.

‘ഞാനൊരു ബ്രാഹ്മണനാണ്. പക്ഷേ മതവും ജാതിയുമൊന്നും ഒന്നുമല്ല, എന്‍റെ അവസ്ഥ നോക്കൂ. ഞാനിന്ന് എന്തായി തീര്‍‌ന്നുവെന്ന് നോക്കൂ. എനിക്ക് ഇനിയും വായിക്കണം, ഒരുപാട് പുസ്തകങ്ങള്‍ ഇനിയും വായിക്കാനുണ്ട്’ എന്നാണ് ആ യുവാവ് ആവര്‍ത്തിച്ചു പറഞ്ഞത് എന്നാണ് ശരത് യുവരാജ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് ഉടമ പറയുന്നത്.

മാനസികാരോഗ്യം ഒരു വ്യക്തിയെ സംബന്ധിച്ച് അത്രത്തോളം വിലപ്പെട്ടതാണ്. മനസ്സ് കൈവിട്ടുപോകുമ്പോഴാണ് ജീവിതം തന്നെ കൈവിട്ടു പോകുന്നത്. തെരുവില്‍ കണ്ടെത്തിയ ആ യാചകനു വേണ്ടി ചില എന്‍ജിഒകളോട് സംസാരിച്ചു. അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടി തന്നാലാകുന്ന കാര്യങ്ങള്‍ ചെയ്തുവെന്ന് ശരത് യുവരാജ മറ്റൊരു വിഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The story of a man who once thrived as an engineer and now finds himself begging on the streets of Bengaluru is truly shocking. This tale, shared by a popular content creator on social media is viral now.