'വലിയ കസേരയിലിരുന്ന ചെറിയ മനുഷ്യന്‍'. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ചാര്‍ലി റോസിന്‍റെ യുഎസ് ടോക് ഷോയില്‍ ഡോ.മന്‍മോഹന്‍ സിങ് സ്വയം പരിചയപ്പെടുത്തിയതിങ്ങനെയാണ്. സ്വയം വലിയവനായി ഉയര്‍ത്തിക്കാട്ടാന്‍ തീരെ ഇഷ്ടമില്ലാതിരുന്ന രാഷ്ട്രനേതാവ്. ഇന്ത്യ കണ്ട ഏറ്റവും ഇന്‍ട്രോവെര്‍ട്ടായ പ്രധാനമന്ത്രി.
ലജ്ജാശീലം മന്‍മോഹന്‍റെ കൂടപ്പിറപ്പാണ്. കോളജ് ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകില്ലായിരുന്നു. സിഖ് തലപ്പാവഴിച്ച് നീണ്ട മുടി വിടര്‍ത്തുന്നത് സഹപാഠികള്‍ കണ്ടാലോ എന്ന നാണമായിരുന്നു. അത് മറികടക്കാന്‍ മറ്റുള്ളവര്‍ എത്തുന്നതിനും മുന്നേ കുളിസ്ഥലത്തെത്തും. പക്ഷേ, അത്രയും നേരത്തേ കുളിക്കാനായി ചൂടുവെള്ളം കിട്ടില്ലായിരുന്നു. അക്കാര്യം ചോദിച്ചവരോട് ആരോഗ്യത്തിന് നല്ലത് തണുത്ത വെള്ളമാണെന്ന് സിങ് ന്യായം പറഞ്ഞു.
രാജ്യത്തെ ഉന്നത പദവികള്‍ അനേകം വഹിച്ചെങ്കിലും മന്‍മോഹന്‍ സിങിന് സുഹൃത്തുക്കള്‍ കുറവായിരുന്നു. കുട്ടിക്കാലത്തെ ഒറ്റപ്പെടലിന്‍റെ തുടര്‍ച്ചപോലെ. അഞ്ചാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. അച്ഛന്‍ കച്ചവടത്തിരക്കിലും യാത്രകളിലും. മൗനവും ഒറ്റയ്ക്കുനടക്കലും അന്നു മുതലേ കൂട്ടിനുണ്ട്. സ്വകാര്യതയ്ക്ക് അങ്ങേയറ്റം വിലകൊടുത്തു. വ്യക്തി വിശേഷങ്ങള്‍ തുറന്നുപറയില്ല. ലോകത്തെ അതിശയിപ്പിക്കുന്ന വിജയകഥയായിട്ടും സ്വന്തം ജീവിതം വിവരിക്കാന്‍ മുതിര്‍ന്നതേയില്ല. വിഭജനത്തിന്‍റെ വേദന പേറി ഇന്ത്യയിലെത്തി. അച്ഛന്‍റെ ഡ്രൈ ഫ്രൂട്ട് കച്ചവടത്തിന് പോകേണ്ടിയിരുന്ന ബാലന്‍ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് പഠിച്ച് ലോകത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയ കഥ അധികമാരും പറഞ്ഞതുമില്ല.
വേറിട്ട പ്രധാനമന്ത്രി
ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധി പാക്കിസ്ഥാനില്‍ ജനിച്ച മന്‍മോഹന്‍ സിങുമായി ഇന്ത്യയില്‍ ജനിച്ച പ്രസിഡന്‍റ് അബ്ദുല്‍കലാം ആസാദിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു. അങ്ങനെ, 2004 മേയ് 22ന്, ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ.അബ്ദുള്‍ കലാം സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. മന്‍മോഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുപേരും രോഗികളെ ചികില്‍സിക്കാത്ത ഡോക്ടര്‍മാര്‍ !
മന്‍മോഹനുമായി മനസുകൊണ്ട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മന്ത്രിസഭയില്‍ത്തന്നെയുണ്ടായിരുന്നു. 1982–84 കാലത്ത് മന്‍മോഹന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി തന്‍റെ സീനിയോറിറ്റിയെപ്പറ്റി എപ്പോഴും ബോധവാനായിരുന്നു. വിദേശകാര്യ മന്ത്രി നട്വര് സിങ് ഔപചാരികത മറന്ന് പ്രധാനമന്ത്രിയെ പേരുപറഞ്ഞ് മന്‍മോഹന്‍ എന്ന് വിളിക്കാനാണ് താല്‍പര്യപ്പെട്ടത്. മന്ത്രിസഭാ യോഗങ്ങളിലും പൊതുചടങ്ങുകളിലും പ്രധാനമന്ത്രി കടന്നു വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന അര്‍ജുന്‍ സിങിന്‍റെ നിലപാട് മാറ്റാന്‍ സോണിയാ ഗാന്ധിക്ക് ഇടപെടേണ്ടി വന്നു.
ശത്രുക്കള്‍ ബന്ധുക്കളായ അനുഭവവും സിങിനുണ്ട്. റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നപ്പോള്‍ തന്‍റെ ബജറ്റവതരണം തടസ്സപ്പെടുത്തി ബഹളം വച്ചയാളാണ് സിപിഎമ്മിലെ സോമനാഥ് ചാറ്റര്‍ജി. അതേ സോമനാഥ് ചാറ്റര്‍ജി പിന്നീട് യുപിഎ കാലത്ത് സ്പീക്കറായി മന്‍മോഹന് സംസാരിക്കാന്‍ സഭയെ നിയന്ത്രിച്ചുകൊടുത്തു. സര്‍ക്കാരിനെ പിന്തുണച്ചതിന് പകരമായി ഇടതുപക്ഷത്തിന് കൊടുത്തതായിരുന്നു സ്പീക്കര്‍ സ്ഥാനം. ഇടതുപക്ഷം വിട്ടുപോയിട്ടും സോമനാഥ് മന്‍മോഹനെ വിട്ടുപോയില്ല.
ഉര്‍ദുവില്‍ ഹിന്ദി വായന
പഞ്ചാബിയായിരുന്നു സിങിന്‍റെ മാതൃഭാഷ. ദേവനാഗിരി ലിപിയില്‍ എഴുതുന്ന ഹിന്ദി വായിക്കാനാവില്ല. പഠിക്കാന്‍ ശ്രമിച്ചുമില്ല. പ്രധാനമന്ത്രിയായിരിക്കുമ്പോഴും ഹിന്ദി പ്രസംഗങ്ങള്‍ അദ്ദേഹം ഉര്‍ദു അല്ലെങ്കില്‍ ഗുരുമുഖി ലിപിയിലാണ് എഴുതി വായിച്ചിരുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബിലെ ബാല്യകാലം എന്നും ഓര്‍മകളിലുണ്ടായിരുന്നു. പ്രസിഡന്‍റ് മുഷറഫുമായി പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ നന്നായി ശ്രമിച്ചു. മുഷറഫിനെ ഇന്ത്യാ–പാക്ക് ക്രിക്കറ്റ് മല്‍സരം കാണാന്‍ ക്ഷണിച്ചു. മല്‍സരത്തിനിടെ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തിയ മുഷറഫ് മന്‍മോഹനോടു പറഞ്ഞു. 'ഡോക്ടര്‍ സാബ് , നമ്മള്‍ രണ്ടുപേരും മനസുവച്ചാല്‍ ഉച്ചഭക്ഷണത്തിനു മുമ്പ് എല്ലാ തര്‍ക്കങ്ങളും തീര്‍ത്ത് ബാക്കി മല്‍സരം കാണാന്‍ പോകാം'. മന്‍മോഹന്‍ മറുപടി പറഞ്ഞു. 'ജനറല്‍ സാബ്. താങ്കള്‍ ചെറുപ്പമാണ്. എന്‍റെ പ്രായം പരിഗണിക്കണം. ചെറിയ ചുവടുകള്‍ വച്ചേ എനിക്ക് മുന്നോട്ട് നീങ്ങാനാകൂ'
വന്ന വഴിയിലെ മലയാളികള്‍
മന്ത്രിസഭയില്‍ സാമ്പത്തിക വിദഗ്ധന്‍ തന്നെ ധനമന്ത്രിയാകണം എന്ന് നരസിംഹ റാവു തീരുമാനിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഐജി പട്ടേലിനെ ആദ്യം പരിഗണിച്ചു. പട്ടേല്‍ നിരസിച്ചു. മലയാളിയായ പി.സി.അലക്സാണ്ടറാണ് മന്‍മോഹന്‍ സിങ്ങിന്‍റെ പേര് നിര്‍ദേശിച്ചത്. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ ഓഫിസിലെ കരുത്തന്‍മാരായി മൂന്ന് മലയാളികള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മണി ദീക്ഷിത്, പ്രത്യേക ഉപദേഷ്ടാവ് എം.കെ.നാരായണന്‍ (പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ), പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍. ഒടുവില്‍ ആ സര്‍ക്കാരിനെ ആണവ കരാറിന്‍റെ കാര്യം പറഞ്ഞ് മുള്‍മുനയില്‍ നിര്‍ത്തിയത് മറ്റൊരു മലയാളി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ജോലി തന്നെ വിശ്രമം
ഒരിക്കല്‍ നൈനിറ്റാളില്‍ പോയതല്ലാതെ മന്‍മോഹന്‍ സിങ് ഒഴിവുകാലം ആസ്വദിച്ചതായി ആര്‍ക്കും അറിയില്ല. പ്രധാനമന്ത്രിയായിരിക്കെ ഗോവയില്‍ ഒരു ഉല്‍ഘാടനം. ശനിയാഴ്ചയാണ് പരിപാടി. ഞായറാഴ്ച ഗോവയില്‍ വിശ്രമിച്ച് തിരികെ പോയാല്‍ പോരേ എന്ന് പ്രധാനമന്ത്രിയുടെ ഓഫിസംഗം സഞ്ജയ് ബാരു ചോദിച്ചു. പ്രവൃത്തിദിവസം നഷ്ടമാകുമെന്ന പേടി വേണ്ടല്ലോ. ഗോവയില്‍ ഞാനെന്ത് ചെയ്യാന്‍ എന്നായിരുന്നു സിങിന്‍റെ മറുചോദ്യം.
സൗമ്യന്‍ , ലജ്ജാലു, മാന്യന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പൊഴും കാര്യത്തോടുക്കുമ്പോള്‍ വ്യത്യസ്തനായ ഒരു മന്‍മോഹനെ കാണാമെന്ന് അടുത്തറിഞ്ഞവര്‍ പറയും. ഇന്ത്യ–യുഎസ് ആണവ കരാറിന്‍റെ കാര്യത്തില്‍ സിങ് കാണിച്ച കടുംപിടിത്തം അറിഞ്ഞവര്‍ മന്‍മോഹന്‍ വാശിക്കാരനല്ലെന്ന് പറയാനിടയില്ല. ആയിടെ, വിദേശകാര്യ മന്ത്രിയായിരുന്ന നട്വര് സിങിനെ പുറത്താക്കും എന്നൊരു വാര്‍ത്ത എന്‍ഡിടിവി പുറത്തുവിട്ടു. വാര്‍ത്ത തെറ്റാണെന്ന് പറയാന്‍ ചാനല്‍ മേധാവി പ്രണയ് റോയിയെ മന്‍മോഹന്‍ സിങ് ഫോണില്‍ വിളിച്ചു. അതിനെക്കുറിച്ച് പ്രണയ് റോയ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിനോട് പറഞ്ഞു 'സ്കൂള്‍ കാലത്തിന് ശേഷം ഇത്രയും വഴക്ക് കേള്‍ക്കുന്നത് ഇതാദ്യം. അദ്ദേഹം പ്രധാനമന്ത്രിയെപ്പോലെയല്ല, ഒരു ഹെഡ്മാസ്റ്ററെപ്പോലെയാണ് സംസാരിച്ചത്'.