അന്തരിച്ച മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിലെന്ന് ആഭ്യന്തര മന്ത്രാലയം. പ്രത്യേകസ്ഥലം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. സംസ്കാരച്ചടങ്ങുകള്‍ രാവിലെ 11.45നെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്‍മോഹന്‍സിങ്ങിന്‍റെ സംസ്കാരത്തിന് പ്രത്യേകസ്ഥലം അനുവദിക്കാത്തത് വേദനാജനകമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കും എന്നാണ് കേന്ദ്രം അറിയിച്ചത്.
മന്‍മോഹന്‍ സിങ്ങിന് യമുനാതീരത്ത് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം വേണമെന്നായിരുന്നു ആവശ്യം.
ഇന്ത്യയെ പുരോഗതിയിലേക്ക് വഴികാണിച്ച് മന്‍മോഹന്‍ സിങിന്റെ ഭൗതിക ദേഹം നാളെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം സംസ്കാരിക്കും. ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് പുതിയ ദിശ നല്‍കിയ മന്‍മോഹന്‍ സിങിന്‍റെ ജീവിതം വരും തലമുറകള്‍ക്കും പ്രചോദനമാണ്. പരിഷ്‌കാരങ്ങൾക്കായി സമർപ്പിതനായ നേതാവിനെ രാജ്യം എന്നും ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും ബാഷ്പാഞ്ജലി നേര്‍ന്നു. കേരളത്തില്‍നിന്നുള്ള നേതാക്കളും പ്രിയനേതാവിനെ അവസാനമായി കാണാന്‍ എത്തി. കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ഡല്‍ഹിയില്‍ എത്തി.
മുന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുശോചിച്ചു. നാളെ രാവിലെ എട്ടിന് മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിയില്‍നിന്ന് ഭൗതികദേഹം എ.ഐ.സി.സി. ആസ്ഥാനത്തെത്തിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ദുഃഖാചരണത്തിന്‍റെ ഭാഗമായി രാഷ്ട്രപതി ഭവനടക്കം എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.