ചതുപ്പിൽ കുടുങ്ങിപ്പോയ കണ്ടാമൃഗത്തെ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് തോളിൽ ചുമന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 600 കിലോയില്‍ അധികം ഭാരമുള്ള കണ്ടാമൃഗത്തെയാണ് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ എടുത്തുയര്‍ത്തിയത്. വന്യജീവി സംരക്ഷകരുടെ പ്രതിബദ്ധതയെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്‍റ് ചെയ്തത്.
രക്ഷപ്പെടാൻ ആകാത്ത വിധം കണ്ടാമൃഗം ചതുപ്പിൽ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കണ്ടാമൃഗത്തെ ഒരു പലകയിൽ കയറ്റിയത്. തുടര്‍ന്ന് കണ്ടാമൃഗത്തെ ചുമന്ന് സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ആണ് ഈ അസാധാരണ രക്ഷാപ്രവർത്തനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒരു രക്ഷാപ്രവർത്തനമാണ് ഇതെന്നും രക്ഷപ്പെടുത്തിയ മൃഗത്തിന് 600- 700 കിലോയോളം ഭാരം ഉണ്ടെന്നും അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചിരുന്നു.