screengrab: instagram.com/kranthidrillman

പലതരം സാഹസങ്ങള്‍ക്കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്ന മനുഷ്യരുണ്ട്. മിനിറ്റില്‍ 22 ആണികള്‍ ചുറ്റികയ്ക്ക് മൂക്കിലടിച്ച് കയറ്റിയാണ് ക്രാന്തി കുമാര്‍ പനികേരയെന്ന യുവാവ് ഗിന്നസ് ബുക്കില്‍ കയറിയത്. അതിവിചിത്രമായ റെക്കോര്‍ഡിന്‍റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും ക്രാന്തികുമാറും ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചിട്ടുണ്ട്. ആണി കൈ കൊണ്ട് എടുക്കുന്നതും മൂക്കിലേക്ക് ചുറ്റികയ്ക്ക് അടിച്ച് കയറ്റുന്നതും ഊരിയെടുത്ത് അടുത്തത്  കയറ്റുന്നതുമെല്ലാം വിഡിയോയില്‍ കാണാം. മുന്‍പും സമാനമായ സാഹസങ്ങള്‍ കാണിച്ച് ക്രാന്തികുമാര്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 'ഡ്രില്‍മാന്‍' എന്നാണ് ക്രാന്തി സ്വയം വിശേഷിപ്പിക്കുന്നതും. 

സമ്മിശ്രമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ക്രാന്തികുമാറിന്‍റെ റെക്കോര്‍ഡിനെ കുറിച്ച് നിറയുന്നത്. 'ഇതെങ്ങനെ സാധിക്കുന്നു'വെന്ന് ചിലര്‍ അമ്പരക്കുമ്പോള്‍ മറ്റു ചിലര്‍ കടുത്ത അവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.  പേടിപ്പിക്കുന്ന ചലഞ്ചായിപ്പോയെന്നും  ഈ കരുത്ത് സമ്മതിക്കണമെന്നും മറ്റു ചിലര്‍ കുറിക്കുന്നു. ഇത്തരം  സാഹസിക പ്രകടനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്നാണ് ക്രാന്തികുമാറിന്‍റെ ഉപദേശം.  ചിട്ടയായ പരിശീലനം കൊണ്ട് ആര്‍ജിച്ചെടുത്ത കഴിവായതിനാലാണ്   അപകടമില്ലാതെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നെന്നും ക്രാന്തികുമാര്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ക്രാന്തികുമാര്‍ ആണി മൂക്കിലടിച്ച് കയറ്റുന്ന പ്രകടനം നടത്തിയിരുന്നുവെന്ന് പേജില്‍ കാണാം. കറങ്ങിക്കൊണ്ടിരിക്കുന്ന 57 ഫാനുകള്‍ ഒരുമിനിറ്റില്‍ നാവുകൊണ്ട് തടുത്ത് നിര്‍ത്തിയതായിരുന്നു ഇതിന് മുന്‍പ് ക്രാന്തി നടത്തിയ റെക്കോര്‍ഡ് പ്രകടനം. 'ക്രാന്തി സോഷ്യോ–കള്‍ച്ചറല്‍ സൊസൈറ്റി'യെന്ന എന്‍ജിഒയും ക്രാന്തികുമാര്‍ നടത്തിവരുന്നു.

ENGLISH SUMMARY:

India's 'Drill Man,' Kranthi Kumar Panikera, holds several records, including a recent one where he used a hammer to insert nails into his nose