നാല് കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് ബ്രാഹ്മിണ്‍ ബോർഡ്. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ പരശുറാം കല്യാൺ ബോർഡാണ് വിചിത്രമായ പ്രഖ്യാപനം നടത്തിയത്.
കാബിനറ്റ് റാങ്കുള്ള പണ്ഡിറ്റ് വിഷ്‌ണു രജോറിയയാണ് ബോർഡ് ചെയർമാൻ. ഒരു കുടുംബത്തില്‍ കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണമെന്ന് ഇൻഡോറിൽ നടന്ന പൊതുപരിപാടിയിലാണ് രജോറിയ ആഹ്വാനം ചെയ്തത്. നാല് കുഞ്ഞുങ്ങളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ബോര്‍ഡ് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനം വിവാദമായതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തോടുതന്നെ വ്യക്തത തേടി. എന്നാല്‍ ചോദ്യങ്ങളോട് രജോറിയ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണതെന്നും, സർക്കാർ പദ്ധതിയല്ലെന്നും പറഞ്ഞ് അദ്ദേഹം തടിതപ്പുകയായിരുന്നു.
പണ്ഡിറ്റ് വിഷ്‌ണു രജോറിയയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: ‘ആളുകളില്‍ കുടുംബത്തെപ്പറ്റിയുള്ള ശ്രദ്ധ കുറഞ്ഞതുകൊണ്ടാണ് മതനിഷേധം കൂടുന്നത്. മതത്തെ നിഷേധിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. പഴയ തലമുറയിൽ നിന്ന് ഇനി അധികമൊന്നും പ്രതീക്ഷിക്കാനില്ല. പുതുതലമുറയിലാണ് ഇനി എന്‍റെ വിശ്വാസം.
ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴുണ്ട്. ഇത് വലിയ പ്രശ്നത്തിലേക്കാണ് നമ്മളെ നയിക്കുക. ഈ അവസ്ഥ മാറണം. അതുകൊണ്ടാണ് ഒരു കുടുംബത്തിൽ നാല് കുട്ടികൾ എങ്കിലും വേണമെന്ന് ഞാന്‍ പറയുന്നത്. അങ്ങനെ തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് എന്റെ അദ്ധ്യക്ഷതയിലുള്ള പരശുറാം കല്യാൺ ബോർഡ് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകും.’