‘എയറോസ്പോസ് എന്‍ജിനീയറായി തുടങ്ങി, പിന്നീട് ആര്‍ട്സ് വിഷയങ്ങളിലായി കമ്പം. പല മേഖലകളില്‍ കൈവച്ചുനോക്കി. പക്ഷേ ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല. അവസാനം സ്വീകരിച്ച മാര്‍ഗമാണ് ഭക്തി. അതില്‍ വിജയിച്ചു’. ഐഐടി ബാബ എന്ന് ഭക്തര്‍ സ്നേഹത്തോടെ വിളിക്കുന്ന ബാബ അഭയ് സിങ്ങിന്‍റെ വാക്കുകളാണിത്.
ലക്ഷങ്ങള്‍ ഒഴുകിയെത്തിയ പ്രയാഗ്‌രാജിലെ മഹാകുഭമേളയുടെ പ്രധാന ആകര്‍ഷമായുരുന്നു ഐഐടി ബാബ. ഇതോടെ ബാബയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമത്തിലും വ്യാപകമായി. ഐഐടി ബാബ എന്ന പേരിലെ കൗതുകം തിരക്കി എത്തുന്നവരാണ് ഏറെയും. എന്‍ജിനീയറിങ്ങില്‍ നിന്ന് ആര്‍ട്സ് വിഷയങ്ങളിലേക്ക് തിരിഞ്ഞു. ഫോട്ടോഗ്രഫിയിലടക്കം പരീക്ഷണം നടത്തി. അറിവും സത്യവും തിരിച്ചറിയാനുള്ള ഓട്ടത്തിലായിരുന്നു. അതിലേക്കുള്ള വഴിയാകട്ടെ ആത്മീയതയാണെന്ന് തിരിച്ചറിഞ്ഞത് പല മേഖലകള്‍ താണ്ടിയാണ് എന്നാണ് ഐഐടി ബാബ പറയുന്നത്. ഇന്ത്യാ ടുഡേ ടിവിയാണ് ഐഐടി ബാബയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ചെറുപ്പം മുതല്‍ കുടുംബത്തില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഐഐടി ബാബ പറഞ്ഞിരിക്കുന്നത്. ‘ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കുടുംബ ബന്ധങ്ങളും അത്ര ഊഷ്മളമായിരുന്നില്ല. വീട്ടിലാരും എന്നെ നന്നായി നോക്കിയിരുന്നില്ല, പരിഗണിച്ചിരുന്നില്ല. ഫോട്ടോഗ്രഫി ചെയ്യുന്ന കാലത്ത് എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് അവരെന്നെ കളിയാക്കി. ഇതോടെയാണ് വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ചത്. നല്ല ഒരു ജീവിതത്തിനായി എനിക്കത് മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗം’ എന്നാണ് ബാബ പറയുന്നത്.
‘സംസ്കൃതത്തെ കുറിച്ച് കൂടുതല്‍ പഠിച്ചു. അതെങ്ങനെയാണ് രൂപപ്പെട്ടതെന്നും എന്തുകൊണ്ടാണ് സംസ്കൃതം വ്യത്യസ്തമായതെന്നും ശ്രദ്ധിക്കപ്പെട്ടതെന്നും അറിയാന്‍ ശ്രമിച്ചു. ഇങ്ങനെ എല്ലാത്തിനെക്കുറിച്ചും അറിയാന്‍ വല്ലാത്ത മോഹമാണ്. മനുഷ്യന്‍റെ മനസ്സിനെ കുറിച്ചും എങ്ങനെയാണ് ആവശ്യമില്ലാത്ത ചിന്തകളില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കുക എന്ന് കണ്ടെത്തുകയായിരുന്നു അടുത്ത ശ്രമം. ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്.
വെള്ളം പോലെയാണ് ഞാന്‍. സ്വതന്ത്രനാണ്, എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ വളരെ ഗൗരവമായ വിഷാദത്തിലേക്ക് ഞാന്‍ പോയിട്ടുണ്ട്. അന്നൊക്കെ ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒരേ കാര്യം തന്നെ ആലോചിച്ചിരിക്കും. ഇതെന്താണ് ഇങ്ങനെയെന്ന് ചിന്തിച്ചു. തലച്ചോറ് എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് എനിക്ക് ഉറങ്ങാന്‍ കഴിയാത്തത്? എന്നിങ്ങനെ പല ചോദ്യങ്ങളും എന്‍റെയുള്ളിലുണ്ടായി. അങ്ങനെ ഞാന്‍ സൈക്കോളജി പഠിക്കാന്‍ തീരുമാനിച്ചു. എനിക്ക് കെട്ടുപാടുകള്‍ക്കുള്ളില്‍ നില്‍ക്കാന്‍ താല്‍പര്യമില്ല. എനിക്ക് എവിടെയും ഒതുങ്ങിക്കൂടുകയും വേണ്ട. ഒരു മനുഷ്യന്‍ എവിടെയും തങ്ങിനില്‍ക്കാതെ മുന്നോട്ടുപോകുമ്പോഴാണ് സ്വതന്ത്രനാകുന്നത്’– ബാബ പറയുന്നു.
തന്നെ തേടി വരുന്നവര്‍ക്കായി ആത്മീയ പ്രഭാഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി വരികയാണ് ഐഐടി ബാബയിപ്പോള്‍. യോഗ, വേദങ്ങള്‍, ആത്മീയ ദിനചര്യകള്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് ‘മോക്ഷം’ തേടിയെത്തുന്നവരെ ആത്മീയമായി സഹായിക്കുകയാണ് താന്‍ എന്നാണ് ഐഐടി ബാബ അവകാശപ്പെടുന്നത്. സമൂഹമാധ്യമത്തിലടക്കം വിഡിയോകള്‍ പങ്കുവച്ച് സജീവമാണ് ഇദ്ദേഹം.