‘ജര്‍മനിയില്‍ പഠനം, വമ്പന്‍ ടെക് കമ്പനിയില്‍ ജോലി എന്നാല്‍ കാമുകിയുടെ മരണവും മാതാപിതാക്കളുടെ വേര്‍പാടും ജീവിതം തലീഴാക്കി, ഒടുവില്‍ ബെംഗളൂരു തെരുവുകളില്‍ ഭിക്ഷാടനം’ കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ കൃഷ്ണ എന്ന യുവാവിന്‍റെ കഥയാണിത്. ബെംഗളൂരു ഇൻഫ്ലുവൻസർ ശരത് യുവരാജ് പങ്കിട്ട വിഡിയോയിലൂടെയാണ് കഥ പുറംലോകമറിഞ്ഞത്. ജീവിതത്തിലെ നഷ്ടങ്ങളും മദ്യാസക്തിയും ഒരാളുടെ ജീവിതത്തെ, മനസിനെ എങ്ങിനെയെല്ലാം ബാധിക്കും എന്നതിന്‍റെ ഉദാഹരണമായി പലരും വിഡിയോ പങ്കിട്ടു. എന്നാല്‍ കഥയില്‍ വീണ്ടും ട്വിസ്റ്റുമായി എത്തിയിരിക്കുകയാണ് യുവാവിന്‍റെ വിഡിയോ ആദ്യമായി പുറത്തുവിട്ട ശരത് യുവരാജ്.
‘ഞാന്‍ ഒരു എന്‍ജിനിയറായിരുന്നു. മൈന്‍ഡ് ട്രീ, ഗ്ലോബല്‍ വില്ലേജിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ കാമുകിയുടെ മരണം എന്നെ തളര്‍ത്തി. ജീവിതം തന്നെ മാറ്റി മറിച്ചു. മദ്യപാനം കൂടിയായപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. മാതാപിതാക്കളെയും നഷ്ടമായി ഇന്ന് ആഹാരത്തിനായി ബെംഗളൂരുവിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നു’ തന്നെ കുറിച്ചുള്ള ആദ്യ വിഡിയോയില്‍ കൃഷ്ണ പറഞ്ഞ വാക്കുകളാണിവ. വിഡിയോയില്‍ ഉടനീളം യുവാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും ഐസക് ന്യൂട്ടണേയും അവരുടെ തിയറികളേയും പുസ്തകങ്ങളേയും കുറിച്ച് വാചാലനാകുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ശരത് പങ്കുവച്ച പുതിയ വിഡിയോയിലാണ് കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുന്നത്. മദ്യത്തിന്‍റെ പുറത്താണ് ഫ്രാങ്ക്ഫർട്ടിലും ബെംഗളൂരുവിലും ജോലി ചെയ്തിരുന്ന ടെക് പ്രൊഫഷണലായിരുന്നെന്ന് അവകാശപ്പെട്ടതെന്ന് കൃഷ്ണ തന്നോടു പറഞ്ഞതായി ശരത് പറയുന്നു. ‘യഥാര്‍ഥത്തില്‍ ആ മനുഷ്യൻ അത് സങ്കൽപ്പിക്കുകയായിരുന്നു. അദ്ദേഹം കോളജ് ഡ്രോപ് ഔട്ടാണ്’ ശരത് ഇന്ത്യ ടുഡേയോടു പറഞ്ഞു. കൃഷ്ണയെ കുറിച്ചുള്ള ശരതിന്‍റെ ആദ്യ വിഡിയോ വൈറലായതു മുതൽ ഭിക്ഷാടകനായ കൃഷ്ണയെ കാണാതായിരുന്നു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നതായി ശരത് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വിഡിയോയിലൂടെ കൃഷ്ണ നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്)ൽ ചികിത്സയിലാണെന്ന് ശരത് വ്യക്തമാക്കിയിട്ടുണ്ട്.
ശരത്തുമൊപ്പമുള്ള പുതിയ വിഡിയോയില്‍ കൂടുതല്‍ ശാന്തനായി കൃഷ്ണ സംസാരിക്കുന്നത് കാണാം. പുതിയ ജീവിതത്തിനായുള്ള പ്രതീക്ഷകളും കൃഷ്ണ പങ്കുവച്ചു. ‘ആദ്യം ആരോഗ്യം വീണ്ടെടുക്കണം. മദ്യം എന്നെ ശാരീരികമായി തളർത്തി. പല തരത്തില്‍ അതെന്നെ ബാധിച്ചു. ഇന്ന് ഏത് ജോലിയും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്’ യുവാവ് പറയുന്നു. ‘അമിതമായി മദ്യപിക്കുമ്പോൾ ഞാൻ ഒരു സാങ്കൽപ്പിക ലോകത്താണ് ജീവിച്ചിരുന്നത്. എനിക്കൊരു സ്കൂളുണ്ടെന്നും അവിടെ വിദ്യാർത്ഥികൾ എനിക്കായി കാത്തിരിക്കുകയാണെന്നും ഞാൻ സങ്കല്‍പ്പിച്ചു. പക്ഷേ യാഥാർഥ്യം എന്നെ വല്ലാതെ ബാധിച്ചു. വിഷാദത്തിലും മദ്യപാനത്തിലും ഞാൻ കുടുങ്ങിക്കിടക്കുകയായിരുന്നു. ശരിക്കും ഞാന്‍ ജീവിച്ചിരുന്നില്ല എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. സ്വപ്ന ലോകത്ത് കുടുങ്ങി, വാസ്തവത്തിൽ, എനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.