ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം കാരണം ഗത്യന്തരമില്ലാതെയാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേക്കു തിരിച്ചയച്ചത്. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചത്. മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയ നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം വൈറലായത്.
മഹാകുംഭമേളയിൽ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
വിഡിയോ പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ അവളെ തേടിയെത്താൻ തുടങ്ങി. ഇതോടെ ഉപജീവനമാർഗമായ മാലവിൽപനയും മുടങ്ങുന്ന അവസ്ഥയായി. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’ എന്നാണ് ഈ പെൺകുട്ടി ചോദിക്കുന്നത്.