TOPICS COVERED

നേരിട്ട് ഓട്ടോ വിളിക്കാനും, പണത്തിനായി തര്‍ക്കിക്കാനും ആഗ്രഹിക്കാത്തവര്‍ കൂടുതലായും ആശ്രയിക്കുന്ന ആപ്പാണ് ഊബര്‍. നിരക്ക് കുറവായതിനാല്‍ തന്നെ കൂടുതല്‍ ആളുകളും കാറിനേക്കാള്‍ ഓട്ടോയാണ് ആപ്പില്‍ തിരഞ്ഞടുക്കുന്നത്. ആപ്പിലൂടെയാണ് നിരവധി ആളുകള്‍ ഡ്രൈവര്‍ക്ക് പണം നല്‍കുന്നതും. എന്നാല്‍ ഇനി മുതല്‍ ഇത് സാധ്യാമായെക്കില്ല. ഊബര്‍ ഓട്ടോ ബുക്ക് ചെയ്യാന്‍ ശ്രമിച്ച പലരുടെയും ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കും. 'Auto is now cash only' അതായത് ഊബര്‍ ഓട്ടോ ചാര്‍ജ് ഇനി പണമായി മാത്രമേ നല്‍കാനാകൂ എന്ന്. 

ഇന്ത്യയിലാകെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഊബര്‍. ഊബര്‍ ഓട്ടോ ഇനി മുതല്‍, ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായായിരിക്കും പ്രവര്‍ത്തിക്കുക. ഇനി മുതല്‍ യാത്രയുടെ നിരക്ക് നിശ്ചയിക്കുക ആപ്പ് ആയിരിക്കില്ല. ഊബര്‍ ആപ്പ് യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുക മാത്രമേ ചെയ്യൂ. ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ചര്‍ച്ചയിലൂടെയേ ഇത് അന്തിമമാകൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കാഷ് ഒണ്‍ലി മോഡില്‍ യാത്ര ചെയ്താലും യുപിഐ വഴി നേരിട്ട് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയച്ച് നല്‍കാന്‍ സാധിക്കും. റൈഡുകളുടെ കൃത്യമായ നിര്‍വഹണം, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. മാത്രമല്ല ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താല്‍ ഇതിന് കമ്പനി ബാധ്യസ്ഥരായിക്കില്ലെന്നും നിബന്ധനകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിരുന്നു. ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങി ആറ് നഗരങ്ങളിലാണ് ഊബര്‍ പദ്ധതി ആരംഭിച്ചത്. ഊബര്‍, ഒല തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്‍റെ പേരില്‍ നേരത്തെ നിരവധി തവണ ഡ്രൈവര്‍മാര്‍ പണിമുടക്കുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ ഓട്ടോറിക്ഷ റൈഡുകള്‍ക്കുള്ള ഇന്‍-ആപ് പേയ്‌മെന്റ് സംവിധാനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഇതോടെ മുമ്പ് യാത്രക്കാര്‍ക്ക് ലഭിച്ചരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകള്‍. ‍ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരം എന്നിവ ഇല്ലാതാകും. യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Uber has introduced a zero-commission model for auto rickshaw drivers across India. Under this new system, Uber Auto will function solely as a platform connecting drivers and riders. The app will no longer determine fares but will only suggest a price. The final fare will be decided through direct negotiation between the driver and the passenger. Additionally, Uber Auto rides must now be paid in cash.