വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ പൂച്ച വില്ലനായതോടെ യാത്രവൈകിയത് ഒന്നോ രണ്ടോ മണിക്കൂറല്ല രണ്ട് ദിവസമാണ്. റോമില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പറക്കേണ്ടിയിരുന്ന Ryanair വിമാനത്തിനാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്. എയര്‍ലൈന്‍ അധികൃതരെ രണ്ടുദിവസം പൂച്ച വട്ടം ചുറ്റിച്ചെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് എയര്‍ലൈന്‍ ജീവനക്കാര്‍ ബോയിംഗ് 737 വിമാനത്തില്‍ ഒളിച്ചിരുന്ന പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശം നല്‍കാനായി എത്തിയ എയര്‍ലൈന്‍ ജീവനക്കാരിയാണ് വിമാനത്തിനുള്ളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍ ആദ്യം കേട്ടത്. അവര്‍ ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശേധനയില്‍ വിമാനത്തിന്‍റെ മുൻവശത്തെ ഇലക്ട്രിക്കല്‍ ബേയില്‍ പൂച്ചയെ കണ്ടത്. പിടിക്കാൻ ശ്രമിക്കുമ്പോൾ, പൂച്ച പിന്നിലെ പ്രധാന ബേയിലേക്ക് നീങ്ങി. കാർഗോ കമ്പാർട്ട്മെന്റ് പാനലുകൾ നീക്കം ചെയ്ത് പൂച്ചയെ പിടിക്കാൻ ശ്രമിച്ചെങ്കിലും, വീണ്ടും മുൻവശത്തേക്ക് നീങ്ങി. തുടര്‍ന്ന് അന്നത്തെ സര്‍വീസ് റദ്ദ് ചെയ്തു.
വിമാനത്തിലെ അതിസങ്കീര്‍ണ ഭാഗങ്ങളിലേക്ക് പൂച്ച നുഴഞ്ഞു കയറിയതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. എയര്‍ലൈന്‍ ജീവനക്കാരും എന്‍ജിനീയര്‍മാരും ചേര്‍ന്ന് രണ്ടുദിവസം അക്ഷീണപരിശ്രമം നടത്തിയെങ്കിലും പൂച്ച പിടി കൊടുത്തില്ല. പൂച്ചയുമായി വിമാനം പറന്നുയര്‍ന്നാല്‍ ഗുരുതരമായ സാങ്കേതിക തകരാറുകള്‍ക്ക് കാരണമായേക്കാം എന്ന് ഭയന്നാണ് എയര്‍ലൈന്‍ അധികൃതര്‍ രണ്ടാംദിവസവും സര്‍വീസ് റദ്ദാക്കിയത്.
ഒടുവില്‍ വാതില്‍ തുറന്നിട്ട് പൂച്ച തനിയെ ഇറങ്ങിപ്പോകാന്‍ കാത്തിരിക്കുകയായിരുന്നു. ആ പരീക്ഷണം ഒടുവില്‍ വിജയം കണ്ടു. തുറന്നിട്ട വാതിലിലൂടെ പുറത്തിറങ്ങിയ പൂച്ച റണ്‍വേയിലൂടെ നടന്നുനീങ്ങി. അപകടഭീഷണി നീങ്ങിയതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് മൂന്നാം ദിവസമാണ് വിമാനം പറന്നുയര്‍ന്നത്. യാത്രക്കാര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടൊപ്പം വിമാന കമ്പനിക്കും വലിയ സാമ്പത്തികനഷ്ടമാണ് പൂച്ച വരുത്തിവെച്ചത്.