lalith-pattidar

Picture Credit @lalitpatidar520

മുഖത്തിന്‍റെ 95 ശതമാനവും രോമങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്ന അവസ്ഥ. മധ്യപ്രദേശുകാരനായ ലളിത് പട്ടിദാര്‍ എന്ന പതിനെട്ടുകാരനാണ് ഇതിന്‍റെ പേരില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമായിരിക്കുന്നത്. ഒരു ചതുരശ്ര സെന്‍റിമീറ്ററില്‍ 201.72 എന്ന അളവിലാണ് ലളിതിന്‍റെ മുഖത്ത് രോമവളര്‍ച്ച. ഇതുകണ്ട് തലയിലും താടിയിലും മുടി വളരാന്‍ പലതും വലിച്ചുവാരി തേക്കുന്നവര്‍ മൂക്കത്ത് കൈവച്ചു നില്‍ക്കുകയാണ്.

വെയര്‍വോള്‍ഫ് സിന്‍ഡ്രോം (werewolf syndrome) എന്ന അവസ്ഥയാണ് അനിയന്ത്രിത രോമവളര്‍ച്ചയ്ക്ക് കാരണം. ബില്യണ്‍ ആളുകളില്‍ ഒരാളില്‍ വെയര്‍വോള്‍ഫ് സിന്‍ഡ്രോം ഉണ്ടാകാം എന്നാണ് കണക്ക്. ലളിതിന് ഈ അവസ്ഥ കാരണം കുട്ടിക്കലത്ത് നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണ്. സ്കൂളിലെ മറ്റ് കുട്ടികള്‍ ലളിതിനെ കണ്ട് പേടിച്ചോടുന്ന സാഹചര്യമായിരുന്നു. പതിയെ ഇത് മാറിവന്നു.

‘മറ്റുള്ളവര്‍ക്ക് എന്നെ കാണുമ്പോള്‍ പേടിയായിരുന്നു. പക്ഷേ എന്നെ മനസ്സിലാക്കിയവര്‍ എന്‍റെ കൂടെ നിന്നു. എന്നോട് സംസാരിച്ചു തുടങ്ങുമ്പോഴാണ് പലരും ഞാനും മറ്റുള്ള മനുഷ്യരെപ്പോലെ തന്നെയാണെന്ന് മനസ്സിലാക്കുന്നത്. കാഴ്ചയില്‍ മാത്രമാണ് മറ്റ് മനുഷ്യരെ അപേക്ഷിച്ച് എനിക്ക് കാര്യമായ മാറ്റമുള്ളത്. ഇപ്പോള്‍ ലോക റെക്കോര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. വാക്കുകള്‍ കിട്ടുന്നില്ല. ഒരുപാട് സന്തോഷമുണ്ട്’ എന്നാണ് ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ച ശേഷം ലളിത് പ്രതികരിച്ചത്.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് താന്‍. അതില്‍ നാണക്കേട് തോന്നേണ്ടതില്ല എന്നാണ് ലളിതിന്‍റെ നിലപാട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലളിതിനുണ്ട്. ലോ ഷോ ഡേ റെക്കോര്‍ഡിനായി ഇറ്റലിയില്‍ പോയ കാര്യങ്ങളടക്കം ലളിത് യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. മിലനില്‍ വച്ച് ട്രൈക്കോളജിസ്റ്റ് മുഖത്തെ രോമം അളന്നുനോക്കിയെന്നാണ് ലളിത് പറയുന്നത്.

പലരും മുഖത്തെ മുടി വടിച്ചുകളഞ്ഞുകൂടെ എന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് ലളിത് പറയുന്നത്. അവരോട് ലളിതിന് പറയാനുള്ളത് ‘ഞാനെങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കാനാണ് എനിക്ക് താല്‍പര്യം. ആര്‍ക്കുവേണ്ടിയും എന്നെ മാറ്റാന്‍ ഞാന്‍ തയ്യാറല്ല’ എന്നാണ്. ലോകപര്യടനമാണ് ലളിതിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന്.

ENGLISH SUMMARY:

An 18-year-old from Madhya Pradesh, Lalith Pattidar, holds the Guinness World Record for having 95% of his face covered in hair. His facial hair growth measures an astonishing 201.72 hairs per square centimeter. This condition, where hair grows uncontrollably, has caused many people to struggle with excessive hair growth on the head and beard, while others are still trying to deal with it on their noses. The condition is known as Werewolf Syndrome, which leads to uncontrolled hair growth.