വിവാഹം കഴിഞ്ഞതിനു തൊട്ടുപിന്നാലെ വരനെ ഉപേക്ഷിച്ച് വധു. രാജസ്ഥാനിലാണ് സംഭവം. വിവാഹചടങ്ങുകള്‍ക്കിടെ വധുവിന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ വരന്‍റെ കൈ വിറച്ചതിന് പിന്നാലെയാണ് വധു വരനെ വേണ്ടന്ന് വച്ചത്. വിവാഹ ശേഷം വരന്‍റെ കുടുംബത്തിനൊപ്പം പോകാനും വധു വിസമ്മതിച്ചതോടെ സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
രാജസ്ഥാനിലെ ധോല്‍പൂര്‍ സ്വദേശിയായ ദീപികയാണ് വധു. കരൗലി സ്വദേശിയായ വരന്‍ പ്രദീപാണ് ദീപികയെ വിവാഹം കഴിച്ചത്. രാത്രി വരെ നീളുന്ന തരത്തില്‍ ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ ദീപികയുടെ വീട്ടില്‍ നിന്ന് പ്രദീപിന്‍റെ വീട്ടിലേക്ക് ഇരുവരെയും യാത്രയാക്കാന്‍ ഇറങ്ങുമ്പോഴാണ് വരനെ തനിക്ക് വേണ്ടെന്ന് ദീപിക അറിയിക്കുന്നത്.
വിവാഹവേളയില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ പ്രദീപിന്‍റെ കൈകള്‍ വിറച്ചിരുന്നുവെന്നും ഇത് ഗുരുതരമായ രോഗമുണ്ടെന്ന സൂചനയാണെന്നും പറഞ്ഞാണ് ദീപിക വരനൊപ്പം പോകാന്‍ വിസമ്മതിച്ചത്. എന്നാല്‍ ദീപികയെ സമാധാനിപ്പിക്കാന്‍ പ്രദീപ് ശ്രമിച്ചു. തണുത്ത കാലാവസ്ഥ മൂലമാണ് കൈകള്‍ വിറച്ചതെന്ന് പ്രദീപ് വധുവിനെയും കുടുംബത്തെയും അറിയിച്ചു. കൂടാതെ വധുവിന്‍റെ കുടുംബാംഗങ്ങള്‍ ഒട്ടേറെ തവണ തന്നെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അപ്പോഴൊന്നും യാതൊരു വിധ ആശങ്കയും പങ്കുവെച്ചിട്ടില്ലെന്നും പ്രദീപ് ചൂണ്ടിക്കാട്ടി. എന്നാല്‍, വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തില്‍ ദീപിക ഉറച്ചു നിന്നു.
വിവാഹം റദ്ദാക്കാന്‍ വധു ആവശ്യപ്പെട്ടത് ഇരുവീട്ടുകാരും തമ്മില്‍പ്രശ്‌നത്തിന് കാരണമായി. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസും സംഭവത്തില്‍ ഇടപെട്ടു. പലരും മധ്യസ്ഥത വഹിച്ചിട്ടും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വധുവിനെ കൂട്ടാതെ വരന്‍റെ വീട്ടുകാര്‍ മടങ്ങി.