ഹോളി ദിനത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരെ ഞെട്ടിച്ച് വിമാനത്തില്‍ കാബിന്‍ ക്രൂ അവതരിപ്പിച്ച ഹോളി ഡാന്‍സ്. തീര്‍ത്തും അപ്രതീക്ഷിതമായാണ് വെള്ള കുര്‍ത്തയും വര്‍ണാഭമായ ദുപ്പട്ടയുമണിഞ്ഞെത്തിയ കാബിന്‍ ക്രൂ വിമാനത്തിലെ ഹോളി കളറാക്കിയത്. യേ ജവാനി യേ ദീവാനി എന്ന ദീപിക–രണ്‍ബീര്‍ ചിത്രത്തിലെ ഹോളി ഗാനത്തിനൊപ്പമാണ് കാബിന്‍ ക്രൂ ചുവടു വച്ചത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുന്‍പായിരുന്നു നൃത്തമെന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് എയര്‍ലൈന്‍ തന്നെ അറിയിച്ചു. യാത്രക്കാര്‍ ചുവടുകള്‍ ആസ്വദിക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തൊരു സന്തോഷഭരിതമായ മുഹൂര്‍ത്തം എന്നാണ് കൂടുതലും കമന്റുകള്‍. പക്ഷേ ആ സന്തോഷം അത്രയ്ക്ക് ഉള്‍ക്കൊള്ളാനാവാത്ത ചില അരസികന്‍മാരും കമന്റ് ബോക്സിലുണ്ട്. ഇതൊന്നുമല്ല നിലവരമുള്ള ഒരു എയര്‍ലൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ചിലര്‍. പാട്ടെങ്കിലും ആസ്വദിക്കാമല്ലോയെന്ന് ചില ട്രോളുകള്‍. എന്തായാലും സംഗതി ഹിറ്റാണ്.