spicejet

TOPICS COVERED

സെക്യൂരിറ്റി സ്ക്രീനിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സിഐഎസ്​എഫ് ഉദ്യോഗസ്ഥനെ തല്ലിയ സ്​പൈസ് ജെറ്റ് ഉദ്യോഗസ്ഥക്കെതിരെ കേസ്. സ്​പൈസ് ജെറ്റ് ഫുഡ് സൂപ്പര്‍വൈസറായ അനുരാധ റാണിക്കെതിരെയാണ് കേസ്. ജയ്​പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്​പെക്​ടര്‍ ഗിരിരാജ് പ്രസാദ് ഇവരെ തടഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. കേറ്ററിങ് വാഹനത്തിനൊപ്പം അകമ്പടിയായി വന്ന ഇവര്‍ക്ക് വെഹിക്കിള്‍ ഗേറ്റ് കടക്കാന്‍ ഇവര്‍ക്ക് മതിയായ അനുമതിയില്ലെന്നും മറ്റൊരു എന്‍ട്രന്‍സ് വഴി സ്ക്രീനിങ് ചെയ്യണമെന്നുമാണ് ഗിരിരാജ് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അനുരാധ ഗിരിരാജിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നുവെന്ന് സിഐഎസ്​എഫ് ഉദ്യോഗസ്ഥര്‍ പറ‍ഞ്ഞു. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം അനുരാധക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍ അനുരാധയെ പ്രതിരോധിച്ച് സ്​പൈസ് ജെറ്റ് രംഗത്തെത്തി. തങ്ങളുടെ ഉദ്യോഗസ്ഥ ലൈംഗിക അധിക്ഷേപത്തിന് ഇരയായി എന്നാണ് സ്​പൈസ് ജെറ്റ് ആരോപിച്ചത്. അനുരാധക്ക് എയര്‍പോര്‍ട്ട് എന്‍ട്രി പാസ് ഉണ്ടായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അനുചിതമല്ലാത്ത ഭാഷയാണ് അനുരാധക്കെതിരെ ഉപയോഗിച്ചത്. ജോലി കഴിഞ്ഞ് തന്നെ വീട്ടില്‍ വന്ന് കാണണമെന്നും ഇയാള്‍ പറഞ്ഞു. അനുരാധയ്ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്​പൈസ് ജെറ്റ് വക്​താവ് പറഞ്ഞു. 

എന്നാല്‍ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും അനുചിതമല്ലാത്ത പെരുമാറ്റം ഉണ്ടായിട്ടില്ലെന്നാണ് സിഐഎസ്​എഫിന്‍റെ വാദം. സ്​ക്രീനിങ്ങിന് വിധേയയാകണമെന്ന് പറഞ്ഞതില്‍ പ്രകോപിതയായി അനുരാധ ഗിരിരാജിനെ തല്ലുകയായിരുന്നു. ഈ സമയം അവിടെ വനിത സിഐഎസ്​എഫ് ഉദ്യോഗസ്ഥ ഇല്ലായിരുന്നു. മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് അടുത്തുള്ള മറ്റൊരു എന്‍ട്രന്‍സ് ഉപയോഗിക്കാന്‍ പറഞ്ഞതെന്നും ഒരു സീനിയര്‍ സിഐഎസ്​എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ENGLISH SUMMARY:

A case has been filed against a Spice Jet officer who beat up a CISF officer during an argument following security screening