വിവാഹമോചനക്കേസില്‍ നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയ്ക്ക് 4.75 കോടി രൂപ ജീവനാംശം നൽകാൻ സമ്മതിച്ച് ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചെഹല്‍. അദ്ദേഹം ഇതിനകം തന്നെ 2.37 കോടി രൂപ ധനശ്രീ വര്‍മയ്ക്ക് നൽകിയിട്ടുണ്ട്. ചെഹലിന് ഐ.പി.എല്‍. മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിവാഹമോചനക്കേസിന്‍റെ നടപടികൾ ബോംബെ ഹൈക്കോടതി വേഗത്തിലാക്കി. വാദം കേൾക്കൽ നാളെ തന്നെ (മാർച്ച് 20) നടക്കും. ഐപിഎല്ലില്‍, കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ സ്പിന്നറാണ് യുസ്‌വേന്ദ്ര ചെഹൽ.
വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയാല്‍ 6 മാസം കഴിഞ്ഞ് മാത്രമേ, നടപടികള്‍ ആരംഭിക്കാവൂ എന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് ബോംബെ ഹൈക്കോടതി ഉത്തരവ്. ഇരുവരും രണ്ടുവര്‍ഷത്തില്‍ അധികമായി പിരിഞ്ഞു താമസിക്കുകയാണ്. അതുകൊണ്ടുതന്നെ, വിവാഹമോചനക്കേസില്‍ 6 മാസത്തെ കൂളിങ്-ഓഫ് പിരീഡ് ഒഴിവാക്കാമെന്നും കോടതി അറിയിച്ചു.
വിവാഹമോചന ഹര്‍ജി ഉഭയസമ്മതത്തോടെയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ പോലും, 6 മാസത്തെ കൂളിങ് ഓഫ് പിരീഡ് കഴിഞ്ഞ ശേഷമേ കോടതി ഹര്‍ജി പരിഗണിക്കാവൂ എന്നാണ് ചട്ടം. ഫെബ്രുവരി 20-ന് ബാന്ദ്ര കുടുംബകോടതി ചെഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കുളിങ് ഓഫ് പീരിയഡ് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ജീവനാംശവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വ്യവസ്ഥകള്‍ ചെഹല്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടവേള ഒഴിവാക്കാനുള്ള അപേക്ഷ അന്ന് കോടതി തള്ളിയത്.
ചെഹലും ധനശ്രീയും 2020 ഡിസംബര്‍ മാസത്തിലാണ് വിവാഹിതരായത്. എന്നാല്‍, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2022 ജൂണ്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ മാസം മാത്രമാണ് ഇരുവരും വിവാഹമോചനത്തിനായി ബാന്ദ്ര കുടുംബകോടതിയെ സമീപിച്ചത്. രണ്ടുപേരും ചേര്‍ന്നാണ് ഹർജി ഫയല്‍ചെയ്തിരുന്നതും.