ഉടമയുടെ കുഞ്ഞുങ്ങളെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിറ്റ്ബുൾ ഇനത്തിലുള്ള നായയ്ക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹാസനിലാണ് സംഭവം. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്തിയ 12 അടി നീളമുള്ള മൂർഖനെയാണ് മൂന്നായി വലിച്ചുകീറിയത് നായ.
ഹാസനിലെ കട്ടായയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷാമന്ത് എന്നയാളുടെ വീടിനകത്താണ് 12 അടിയോളം നീളം വരുന്ന മൂർഖനെയാണ് നായ കടിച്ച് കീറിയത്. തറയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് മൂർഖൻ എത്തിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ സംഗതി കണ്ടതോടെ വീട്ടിലെ പിറ്റ്ബുൾ നായ പാഞ്ഞെത്തി മൂർഖനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുൻപ് മൂർഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുൾ കുഴഞ്ഞ് വീണത്.
ഭീമ എന്ന പേരുള്ള പിറ്റ്ബുൾ നായ അരമണിക്കൂറോളമാണ് മൂർഖനുമായി പോരാടിയത്. ഇവരുടെ വളർത്തുനായകളിൽ ഒരെണ്ണമാണ് മൂർഖന്‍റെ കടിയേറ്റ് ചത്ത ഭീമ. നായ്ക്കളുടെ കുരശബ്ദം കേട്ടെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷം നായ്ക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.